ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിനേഷന്‍ മൂന്നാം ഘട്ടത്തില്‍ 18നും 44നും ഇടയിലുള്ള 4 ലക്ഷം പേര്‍ ഇതുവരെ കുത്തിവയ്‌പ്പ് സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മെയ് 3 വരെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,06,339 പേർക്കാണ് കുത്തിവയ്പ് നൽകിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഛത്തീസ്ഗഡില്‍ 1,025 പേരും, ഡല്‍ഹി-40,028, ഗുജറാത്ത് - 1,08,191, ഹരിയാന - 55,565, ജമ്മുകശ്മീർ -5,587, കർണാടക - 2,353, മഹാരാഷ്ട്ര - 73,714, ഒഡീഷ-6,802, പഞ്ചാബ്-635 രാജസ്ഥാൻ - 76,151, തമിഴ്‌നാട്-2,744, ഉത്തർപ്രദേശില്‍- 33,544 പേര്‍ എന്നിവരാണ് കുത്തിവയ്പ്പ് സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ 15.89 കോടി പേരാണ് വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചിരിക്കുന്നത്. 23,35,822 സെഷനുകളിലായി, 15,89,32,921 വാക്സിൻ ഡോസുകളാണ് ഇതുവരെ നല്‍കിയത്.
Also Read: പുതിയ വകഭേദം, കേസുകളുടെ വർധനവ്... കേന്ദ്രത്തിന് സൂചന നൽകിയിരുന്നതായി ശാസ്‌ത്ര സമൂഹം
രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളിൽ 66.94 ശതമാനം പത്ത് സംസ്ഥാനങ്ങളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ റിക്കവറി റേറ്റ് നിലവില്‍ 81.91 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,20,289 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തിന്‍റെ മൊത്തം റിക്കവറി റേറ്റ് 1,66,13,292 ആണ്. അതേസമയം ദേശീയ മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസം പകരുന്നു. നിലവില്‍ 1.10 ശതമാനമാണ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,449 കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 21.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 3,57,229 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ ആകെ കേസുകൾ 34,47,133ൽ എത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.