ന്യൂഡൽഹി: 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാല് കോടി വാഹനങ്ങൾ ഇന്ത്യൻ നിരത്തിൽ സഞ്ചരിക്കുന്നതായി റിപ്പോർട്ട്. ഹരിത നികുതി പരിധിയിൽ വരുന്ന വാഹനങ്ങളാണിവ. 70 ലക്ഷത്തിലധികം വാഹനങ്ങളുമായി കർണാടകയാണ് ഒന്നാം സ്ഥാനത്ത്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങൾ ഒഴികെയുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഹരിത നികുതി ചുമത്താനുള്ള നിർദേശം ഇതിനകം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.
56.54 ലക്ഷം വാഹനങ്ങളുമായി ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്താണ്. അതിൽ 24.55 ലക്ഷം 20 വർഷം പഴക്കമുള്ളതാണ്. രാജ്യ തലസ്ഥാനമായ ഡൽഹി മൂന്നാം സ്ഥാനത്താണ്. 49.93 ലക്ഷം വാഹനങ്ങളാണ് ഹരിതനികുതിയുടെ പരിധിയിൽ വരുന്നത്. അതിൽ 35.11 ലക്ഷം 20 വർഷം പഴക്കമുള്ളതാണ്. കേരളത്തിൽ 34.64 ലക്ഷം വാഹനങ്ങളും തമിഴ്‌നാട് - 33.43, പഞ്ചാബ് - 25.38, പശ്ചിമ ബംഗാൾ - 22.69 ലക്ഷം എന്നിങ്ങനെയുമാണ് കണക്ക്. മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ 17 ലക്ഷത്തിൽ താഴെ വാഹനങ്ങളും ഓടുന്നുണ്ട്. ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി, അസം, ബിഹാർ, ഗോവ, ത്രിപുര, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര-നഗർ ഹവേലി, ദാമൻ, ഡിയു എന്നിവിടങ്ങളിൽ അഞ്ച് ലക്ഷത്തിൽ താഴെയും വാഹനങ്ങൾ നിരത്തിലുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ഉടൻ ഏർപ്പെടുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി പഴയ വാഹനങ്ങൾക്ക് ഉടന്‍ ഹരിത നികുതി ഏർപ്പെടുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. പരിസ്ഥിതിയെ മലിനമാക്കുന്ന പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ചുമത്താനുള്ള നിർദേശത്തിന് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി അംഗീകാരം നൽകിയിരുന്നു.