ലക്നൗ : ഏത് നഗരത്തിലും തെരുവ് കച്ചവടക്കാരും ആക്രി പെറുക്കി ജീവിക്കുന്നവരും ഉണ്ടാകും. ജീവിക്കാനായി തെരുവില്‍ കഷ്‌ടപ്പെടുന്നവരെ കാണുമ്പോൾ സഹതാപമുണ്ടാകും. പക്ഷേ ഉത്തർപ്രദേശിലെ കാൺപൂരിലെത്തിയാല്‍ അങ്ങനെയൊരു സഹതാപത്തിന്‍റെ ആവശ്യമില്ല. കാരണം കാൺപൂരിലെ 256 തെരുവ് കച്ചവടക്കാരും ആക്രി പെറുക്കി ജീവിക്കുന്നവരും ശതകോടീശ്വരൻമാരെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നികുതി അടക്കാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
നികുതി അടയ്ക്കാൻ അന്വേഷണം
സാധാരണ ചെറിയ കടകളിൽ പച്ചക്കറി അടക്കമുള്ളവ വിറ്റ് ജീവിക്കുന്നവരും തെരുവിൽ നിന്നും ചവർ പെറുക്കി ജീവിക്കുന്നവരുമാണ് ശതകോടീശ്വരൻമാരാണെന്ന് ആദായനികുതി വകുപ്പ് പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ലിസ്റ്റിൽപ്പെടുന്നവർ നഗരത്തിന്‍റെ ഹൃദയഭാഗങ്ങൾ നികുതി അടക്കാതെ കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തു വാങ്ങിയിട്ടുണ്ട്.
ചിലർ സ്വന്തം പേരിലും മറ്റു ചിലർ കുടുംബാംഗങ്ങളുടെ പേരിലുമാണ് വസ്തുക്കൾ വാങ്ങിയിരിക്കുന്നത്. തങ്ങൾക്ക് ചെറിയ കച്ചവടമാണെന്നും പാവങ്ങളാണെന്നും കാണിച്ച് നികുതി അടക്കാതിരിക്കുകയാണ്. കൂടാതെ ആദായ നികുതി വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവർ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാറുമില്ല. മാത്രമല്ല ഇവർ ഒരു സ്ഥലത്ത് അല്ലാതെ പല ഇടങ്ങളിലായാണ് സ്ഥലങ്ങൾ വാങ്ങുന്നത്.
കൂടാതെ പണം നിക്ഷേപിക്കുന്നതും പല ഇടങ്ങളിലുള്ള ചെറിയ ബാങ്കുകളിലായാണ്. എന്നാൽ ഇപ്പോൾ വലിയ തുകകൾ സ്ഥലം വാങ്ങാനായി ഉപയോഗിച്ചപ്പോഴാണ് ഇവർ ആദായ നികുതിവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.
Also read: രണ്ടുമൂന്ന് മാസത്തിനുള്ളിൽ 60 ശതമാനം പേർക്കും വാക്‌സിൻ നൽകുമെന്ന് കേരളം സുപ്രീം കോടതിയിൽ