ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 2 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 20 കോടിയിലിധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇതില്‍ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Read Also…….വാക്സിന്‍ കുത്തിവയ്പ്പ് കുറയുന്നു; കേന്ദ്രത്തിനെതിരെ ചിദംബരം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ രേഖപ്പെടുത്തി. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ മുപ്പതിനായിരത്തോളമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2,81,386 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,49,65,463 ആയി. ഏപ്രില്‍ 21 ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി രേഖപ്പെടുത്തുന്നത്. രാജ്യത്ത് നിലവില്‍ 35,16,997 സജീവ രോഗികളുണ്ട്. 3,78,741 പേര്‍ കൂടി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 2,11,74,076 ആയി ഉയര്‍ന്നു. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നത് നേരിയ ആശ്വാസം പകരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്‍റെ നേരിയ സൂചനയായി ഇതിനെ നോക്കിക്കാണാവുന്നതാണ്. 3,11,170 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 4,106 പേരാണ് കൊവിഡ് മൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 2,74,390 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനവ് മരണസംഖ്യയിലുണ്ട്.
Read Also…..വാക്‌സിനേഷൻ: അപവാദ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്‍റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്‍റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.