ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 16.37 കോടി ഡോസ് കൊവിഡ് വാക്സിൻ സൗജന്യമായി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത മൂന്ന് ദിവസം കൊണ്ട് 17 ലക്ഷം ഡോസുകൾ കൂടി നൽകും. മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിച്ചതോടെ രാജ്യത്ത് 18 വസയിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ഉറപ്പാക്കുമെന്നും 79 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 16,37,62,300 ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. 16,37,62,300 വാക്സിൻ ഡോസുകളിൽ പാഴാക്കി കളയുന്നത് ഒഴിവാക്കിയാൽ ബാക്കി 15,58,48,782 ഡോസുകളാണ് ഉണ്ടാവുകയെന്നും മന്ത്രാലയം അറിയിച്ചു.
ഉത്തർപ്രദേശ്, രാജസ്ഥാൻ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയിട്ടുള്ളത്. ലക്ഷദ്വീപിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കി കളഞ്ഞതെന്നാണ് റിപ്പോർട്ട്.