ബെംഗളൂരു: പൊലീസ് സ്റ്റേഷനിൽ ജീവിതം ചെലവഴിച്ച് ബധിരയും മൂകയുമായ വയോധിക. ഹന്നമ്മ എന്ന സ്‌ത്രീയാണ് 40 വർഷമായി നഗരത്തിലെ ബന്ദാരു പൊലീസ് സ്റ്റേഷനിൽ അഭയം തേടുന്നത്. 20 വയസുള്ളപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ ആരോരുമില്ലാത്ത അവസ്ഥയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഹന്നമ്മയെ കാണാൻ ഇടയാകുന്നത്. അദ്ദേഹം അവളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഹന്നമ്മ എന്ന് പേര് നൽകുകയും ചെയ്തു. അവളുടെ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അന്ന് മുതൽ പൊലീസ് സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിട്ടുള്ള മുറിയിലാണ് ഹന്നമ്മയുടെ താമസം.
സ്റ്റേഷൻ വൃത്തിയാക്കൽ മുതൽ ഉദ്യോഗസ്ഥർക്ക് വേണ്ടുന്ന ചെറിയ സഹായങ്ങളും ഹന്നമ്മ ഇന്ന് ചെയ്തു വരുന്നു. ഇതിന് പകരമായി ഉദ്യോഗസ്ഥർ ശമ്പളവും നൽകാറുണ്ട്. ഹന്നമ്മയുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, വോട്ടർ ഐഡി എന്നിവയും ബന്ദാരു പൊലീസ് സ്റ്റേഷന്‍റെ വിലാസമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹന്നമ്മയ്‌ക്ക് വാർധക്യ കാല പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനായി പൊലീസ് ശ്രമിക്കുന്നുണ്ട്.