ന്യൂഡൽഹി: കറുത്ത വസ്‌ത്രം ധരിച്ച് ത്രിവര്‍ണ പതാകയേന്തി മാർച്ച് സംഘടിപ്പിച്ച് പ്രതിപക്ഷ എംപിമാർ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാർലമെന്‍റിൽ നിന്നും ആരംഭിച്ച എംപിമാരുടെ 'തിരംഗ മാർച്ച്' വിജയ് ചൗക്കിലേക്കായിരുന്നു ലക്ഷ്യം വച്ചത്. എന്നാല്‍, ഇവിടെ എത്തുന്നതിന് മുന്‍പുതന്നെ ബാരിക്കേഡുവച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു.
സർക്കാർ പാര്‍ലമെന്‍റിന്‍റെ സുഖമമായ നടത്തിപ്പിന് തടസം നില്‍ക്കുകയാണെന്നും അദാനി വിഷയത്തില്‍ ജെപിസി (സംയുക്ത പാര്‍ലമെന്‍ററി സമിതി) അന്വേഷണമെന്നത് ചർച്ച ചെയ്യാൻ അവര്‍ തയ്യാറല്ലെന്നും എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ ഡല്‍ഹിയില്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ വലിയ പ്രക്ഷോഭമാണ് പാര്‍ലമെന്‍റിലും രാജ്യസഭയിലുമുണ്ടായത്.
ഇതിന്‍റെ ആവര്‍ത്തനമാണ് ഇന്നും ഉണ്ടായത്. നിരവധി വിഷയങ്ങളില്‍ ലോക്‌സഭയില്‍ ഇന്നും പ്രതിഷേധമുണ്ടായതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ശേഷമാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാരുള്‍പ്പെടെയുള്ളവര്‍ മാര്‍ച്ച് നടത്തിയത്. ലണ്ടനിൽ വച്ച് രാജ്യത്തെ വിവിധ വിഷയങ്ങളെ വിമര്‍ശിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായി കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
തീരുമാനം ഖാര്‍ഗെ വിളിച്ച യോഗത്തില്‍: ഇന്ന് ലോക്‌സഭ സ്‌പീക്കർ ആതിഥേയത്വം വഹിക്കുന്ന, വൈകുന്നേരം സംഘടിപ്പിക്കുന്ന ചായ സത്‌കാരം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഒഴിവാക്കും. ബുധനാഴ്‌ച (എപ്രില്‍ അഞ്ച്) രാവിലെ പാർലമെന്‍റ് മന്ദിരത്തില്‍ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ സമാന ചിന്താഗതിയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് ത്രിവർണ പതാക മാർച്ചിന് തീരുമാനമായത്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, എഎപി, സമാജ്‌വാദി പാർട്ടി, ആർജെഡി, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടിയിലെ നേതാക്കളാണ് ഖാര്‍ഗെ വിളിച്ചുചേര്‍ത്ത യോഗത്തിൽ പങ്കെടുത്തത്.
'ജനാധിപത്യ രീതിയിൽ പോരാടുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു കടമയാണ്. സർക്കാർ ഞങ്ങളെ കേൾക്കുന്നില്ലെങ്കിൽ അത് പിടിവാശിയാണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ പ്രതിപക്ഷത്തെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്' - പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിനത്തിൽ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയെ പാർലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയിട്ടും അദ്ദേഹം മാപ്പ് പറയണമെന്ന ആവശ്യം ഇപ്പോഴും ബിജെപി ഉയര്‍ത്തുന്നുണ്ടെന്ന് ഈ യോഗത്തില്‍ ഖാർഗെ പറഞ്ഞു. അവർ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ന് സ്ഥാപക ദിനം ആഘോഷിക്കുന്ന ബിജെപി ഇന്ന് രാവിലെ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു.
ചായ സത്‌കാരം ബഹിഷ്‌കരിച്ച് പാര്‍ട്ടികള്‍: ഇന്ന് ലോക്‌സഭ സ്‌പീക്കര്‍ സംഘടിപ്പിക്കുന്ന ചായ സത്‌കാരം ഒഴിവാക്കാൻ കോൺഗ്രസിനുപുറമെ 13 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, മുസ്‌ലിം ലീഗ്, ആർഎസ്‌പി, ജെഡിയു, സിപിഎം, ആർജെഡി, എസ്‌പി, ശിവസേന, സിപിഐ, എഎപി തുടങ്ങിയ പാര്‍ട്ടികളാണ് വിട്ടുനില്‍ക്കുന്നത്.