പ്രതാപ്‌ഗഡ്/ രാജസ്ഥാൻ: മൃഗങ്ങളും പക്ഷികളും ലഹരിക്ക് അടിമപ്പെടുന്നത് പുതിയ കാര്യമല്ല. എന്നാൽ അതിൽ നിന്നും ഒരു പടി മുകളിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാനിലെ പ്രതാപ്‌ഗഡിലെ തത്തകൾ. ഓപ്പിയം(കറുപ്പ്) ആണ് ഇവരുടെ ഇഷ്‌ട ഭക്ഷണം. കറുപ്പ് കഴിച്ച് ലഹരിയിൽ മയങ്ങി ഇരിക്കുന്ന തത്തകൾ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.
മരുന്നിനായാണ് നിയമാനുസൃതമായി പ്രതാപ്‌ഗഡിൽ ഓപ്പിയം കൃഷിചെയ്യുന്നത്. എന്നാൽ ഇപ്പോൾ ലഹരിക്കടിമയായ തത്തകളുടെ ശല്യം കാരണം കൃഷി വിളകൾ എങ്ങനെ സംരക്ഷിക്കും എന്നറിയാതെ നട്ടം തിരിയുകയാണ് ഇവിടുത്തെ കർഷകർ.
ഓപ്പിയത്തിന്‍റെ പൂക്കളോ വിത്തുകളോ പക്ഷികൾ സാധാരണ ഭക്ഷിക്കാറില്ല. എന്നാൽ ഇവ നൽകുന്ന ലഹരിയിൽ ഇവിടുത്തെ തത്തകൾ ആസക്തരായി മാറുകയായിരുന്നു. ഇപ്പോൾ ലഹരിയുടെ ഉൻമാദത്തിൽ മരക്കൊമ്പുകളിലും, ഇലക്‌ട്രിക് ലൈനുകളിലും ' കിറുങ്ങി' ഇരിക്കുന്ന തത്തകൾ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.
കൂടുതൽ ലഹരി കിട്ടാൻ ഏത് പാകത്തിലുള്ള ഓപ്പിയം കഴിക്കണം എന്നതുവരെ ഇവിടുത്തെ തത്തകൾക്ക് അറിയാം എന്നാണ് കർഷകർ പറയുന്നത്. തത്തകളെ അകറ്റാൻ ഇപ്പോൾ രാപ്പകലില്ലാതെ തങ്ങളുടെ പാടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കർഷകർ.