ചെന്നൈ: ഭൂരിഭാഗം ട്രെയിൻ സര്‍വീസുകളും പുനരാരംഭിച്ചതായി ദക്ഷിണ റെയില്‍വെ. 75 ശതമാനം സര്‍വീസുകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ബാക്കിയുള്ളവ അടുത്തുതന്നെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയ്‌ക്ക് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജർ ജോണ്‍ തോമസ് പറഞ്ഞു.
റെയില്‍വെ സ്‌റ്റേഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് സംബന്ധിച്ച് പല തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്നും ജനങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പഴയ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജോണ്‍ തോമസ് പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ട്രെയിൻ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. അതേസമയം ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സബര്‍ബൻ ട്രെയിനുകള്‍ നിര്‍ത്തിവച്ച നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രെയിൻ യാത്രയ്‌ക്കിടെ എല്ലാ വിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാൻ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജർ ജോണ്‍ തോമസ് അഭ്യര്‍ഥിച്ചു.