ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നറിയിച്ച് ആശുപത്രി അധികൃതര്‍. നിലവില്‍ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിലെ അണുബാധ മാറിയതായി ആശുപത്രി അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. തൊണ്ടയിലെ അര്‍ബുദത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ ചികിത്സക്കായി കഴിഞ്ഞയാഴ്‌ച കേരളത്തില്‍ നിന്നും ബെംഗളൂരുവിലെ എച്ച്‌സിജി കാന്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
അദ്ദേഹം ഓകെയാണ്: നിലവിൽ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിലെ അണുബാധ മാറിയതായി കാണുന്നു. ഓങ്കോ ന്യൂട്രീഷന്‍, ഫിസിയോതെറാപ്പി, സ്‌പീച്ച് ആന്‍റ് സ്വാലോ ലാബ് ഉള്‍പ്പെടുന്ന സമഗ്രമായ ഓങ്കോ റിഹാബിലിറ്റീവ് പ്രോഗ്രാം അതിന് അദ്ദേഹത്തെ സഹായിച്ചു. ഇത്തരത്തില്‍ ഒരു ഇമ്മ്യൂണോതെറാപ്പി പ്രക്രിയ പൂര്‍ത്തിയായെന്നും ഇതോടെ അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ദൈനംദിന പ്രവർത്തനങ്ങൾ സ്വതന്ത്രമായി പുനരാരംഭിക്കാൻ കഴിയുന്നുണ്ടെന്നും ആശുപത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
തുടര്‍ചികിത്സ ഉടന്‍: ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കി മാര്‍ച്ച് ആദ്യവാരത്തില്‍ രണ്ടാംഘട്ട ഇമ്മ്യൂണോതെറാപ്പി പ്രക്രിയക്കായി ഞങ്ങള്‍ അദ്ദേഹത്തെ തയ്യാറാക്കുകയാണ്. ഈ ഘട്ടത്തില്‍ ഇമ്മ്യൂണോതെറാപ്പിയോട് അദ്ദേഹം നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ചികിത്സയില്‍ കാര്യമായ മാറ്റം വരുത്താന്‍ നിലവില്‍ ആലോചിക്കുന്നില്ലെന്നും ആശുപത്രി അറിയിച്ചു.
അസുഖം വലച്ച ജനനായകന്‍: കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ജനകീയമുഖമായ ഉമ്മന്‍ ചാണ്ടിയെ 2019 മുതലാണ് അസുഖം അലട്ടിത്തുടങ്ങുന്നത്. തൊണ്ട സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ജർമനിയിലേക്ക് ചികിത്സക്കായി കൊണ്ടുപോയിരുന്നു. തുടര്‍ന്ന് അടുത്തിടെ ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയിലും അദ്ദേഹം ചികിത്സ തേടി.
ന്യൂമോണിയ സുഖപ്പെട്ടതോടെയാണ് നീണ്ട നാളായുള്ള അര്‍ബുദ രോഗത്തിനുള്ള വിദഗ്‌ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് മാറ്റിയത്. അതേസമയം ഇതിനിടെ ഉമ്മന്‍ ചാണ്ടിയ്‌ക്ക് ശരിയായ ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ച് കുടുംബത്തിനെതിരെ അദ്ദേഹത്തിന്‍റെ സഹോദരന്‍ അലക്‌സ് ചാണ്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്നതോടെ ഉമ്മന്‍ ചാണ്ടി തന്നെ മകന്‍ ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്കിലൂടെ നേരിട്ടെത്തി ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തിയിരുന്നു.