ന്യൂഡല്‍ഹി: വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് എഡ്-ടെക് വാഗ്‌ദാനം ചെയ്യുന്ന ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അംഗീകാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷനും (യുജിസി) ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനും (എഐസിടിഇ). ഉന്നതവിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്റർമാരും വിദ്യാർഥികൾക്ക് ഈ വർഷം നൽകുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഫ്രാഞ്ചൈസി കരാര്‍ ഇല്ലാതെ എഡ്-ടെക് കമ്പനികളുമായി സഹകരിച്ച് വിദൂര പഠനവും ഓൺലൈൻ കോഴ്‌സുകളും നല്‍കുന്ന തങ്ങളുടെ അംഗീകൃത സരമകവകലാശാലകള്‍ക്കും സ്ഥാപനങ്ങള്‍ക്കും യുജിസിയും എഐസിടിഇയും ഈ വര്‍ഷം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിഎച്ച്.ഡി ബിരുദങ്ങൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ യുജിസി റെഗുലേഷൻ (എംഫിൽ, പിഎച്ച്.ഡി ബിരുദങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും) 2016ല്‍ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്.
യുജിസിയും എഐസിടിഇയും പുറപ്പെടുവിച്ച സംയുക്ത ഉത്തരവനുസരിച്ച് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പിഎച്ച്.ഡി ബിരുദങ്ങൾ നൽകുന്നതിനുള്ള യുജിസി ചട്ടങ്ങളും ഭേദഗതികളും പാലിക്കേണ്ടത് നിർബന്ധമാണ്. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് എഡ്‌ടെക് കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകളുടെ പരസ്യങ്ങളിൽ പറ്റിക്കപ്പെടരുത് എന്ന് വിദ്യാർഥികള്‍ക്ക് യുജിസി മുന്നറിയിപ്പ് നല്‍കി.
'ഇത്തരം ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകൾ യുജിസി അംഗീകരിക്കുന്നില്ല. പ്രവേശനം നേടുന്നതിന് മുമ്പ് യുജിസി റെഗുലേഷൻ 2016 അനുസരിച്ച് പിഎച്ച്.ഡി പ്രോഗ്രാമുകളുടെ ആധികാരികത പരിശോധിക്കാൻ വിദ്യാർഥികള്‍ തയാറാകണം', യുജിസി അറിയിച്ചു.
ജൂലൈയിൽ എഡ്-ടെക് കമ്പനികൾക്ക് കേന്ദ്ര സർക്കാരും മുന്നറിയിപ്പ് നൽകിയിരുന്നു. വാഗ്‌ദാനങ്ങളിലൂടെയും അന്യായമായ നടപടികളിലൂടെയും ചില എഡ്-ടെക് പ്ലാറ്റ്‌ഫോമുകൾ വിദ്യാർഥികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാര്‍ നയം രൂപീകരിച്ചിരുന്നു. ഈ മേഖലയ്‌ക്കായി ഒരു പൊതുനയം രൂപീകരിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നിയമ മന്ത്രാലയവുമായും ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രാലയവുമായും ചർച്ച നടത്തിവരികയാണ്.
കൊവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓൺലൈൻ മോഡിലേക്ക് മാറിയതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി എഡ്-ടെക് കമ്പനികള്‍ക്ക് വളരെയധികം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.