ന്യൂഡൽഹി: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ ഓൺലൈൻ ചലച്ചിത്രങ്ങളും വാർത്തകളും കൊണ്ടുവരാൻ കേന്ദ്രത്തിന്‍റെ ഉത്തരവ്. നവംബർ ഒമ്പതിലെ വിജ്ഞാപനപ്രകാരം നെറ്റ്ഫ്ലിക്‌സ് പോലുള്ള ഓൺലൈൻ സംവിധാനങ്ങളും (ഒടിടി പ്ലാറ്റ്‌ഫോം) മന്ത്രാലയത്തിന് കീഴിൽ വരും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിന് അനുമതി നൽകി.
ഇന്ത്യൻ സർക്കാരിന്‍റെ (ബിസിനസ് അലോക്കേഷൻ) 357-ാം ഭേദഗതി നിയമങ്ങൾ, 2020 അനുസരിച്ച് ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന വാർത്തകൾ, ചലച്ചിത്രങ്ങൾ, വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ നിയന്ത്രിക്കാൻ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.