ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വിമാനടിക്കറ്റ് നല്‍കി കബളിപ്പിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. ബഹ്‌റൈച്ച് (യുപി) നിവാസി പ്രവീൺ തിവാരി, ഹരിയാനക്കാരനായ രോഹിത് കുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് പണവും സ്വര്‍ണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മാലയും 61,267 രൂപയുമാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാർച്ച് 29 ന് ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ, ഓൺലൈനിൽ ബുക്കിംഗ് ഏജന്റ് വഞ്ചിച്ചതായി കാണിച്ച് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഏപ്രിൽ ആദ്യവാരം നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പ്രൊഫസർ കാനഡയിലേക്ക് പോകേണ്ടതായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മാർച്ച് 23 ന് അദ്ദേഹം ഒരു വിദ്യാർഥിനി മുഖേന ഒരു ആപ്പിൽ യാത്രാ ടിക്കറ്റുകളുടെ നല്ല ഡീലുകൾക്കായി പ്രഫസറുടെ പേരില്‍ തിരച്ചിൽ നടത്തിയിരുന്നു. കുറച്ച് സമയത്തിന് ശേഷം, ബുക്കിംഗ് ഓഫറുകളുമായി അവൾക്ക് ഒന്നിലധികം കോളുകൾ ലഭിച്ചു. പ്രവീൺ തിവാരി എന്ന ഏജന്റുമായാണ് വിദ്യാർഥി ഇടപാട് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
Also Read: ഓണ്‍ലൈന്‍ തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ സംവിധാനവുമായി പൊലീസ്
തിവാരി ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും അവയുടെ പകർപ്പുകൾ അവൾക്ക് വാട്ട്‌സ്ആപ്പിൽ അയയ്ക്കുകയും 1,49,730 രൂപ താൻ നൽകിയ ബാങ്ക് അക്കൗണ്ടിലിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രൊഫസര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. പിന്നീട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തെന്ന വിവരം അദ്ദേഹം അറിഞ്ഞത്. ടിക്കറ്റ് ബുക്ക് ചെയ്‌ത ഏജന്റിനെ വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് നിരവധി പേർ സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടെ പഞ്ചാബിലെ സിരാക്‌പൂരില്‍ റെയ്‌ഡ് നടത്താൻ പൊലീസ് തിരുമാനിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തും മുമ്പ് പ്രതികള്‍ ഇവിടെനിന്നും പോയിരുന്നു.
പ്രതികളിലൊരാളായ തിവാരിയുടെ വിവാഹ നിശ്ചയം ഏപ്രിൽ 14ന് യുപിയിലെ ബഹാരിച്ചിൽ നടക്കുന്നതായി അറിഞ്ഞ സംഘം ഇയാള്‍ക്കായി ഇവിടെയും വലവിരിച്ചു. എന്നാല്‍ ഇതിനിടെ രണ്ട് പേരെയും പൊലീസ് ബഹ്‌റൈച്ചിയില്‍ നിന്ന് കണ്ടെത്തി. 2016-ൽ പൂനെയിൽവച്ചാണ് തിവാരി രോഹിത് കുമാറിനെ കണ്ടെത്തിയത്. ഇരുവരും ട്രാവൽ ഏജന്റുമാരായി ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ തട്ടിപ്പ് ആരംഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.