ഓംഗോല്‍ : പൾനാട് ജില്ലയിലെ വിനുകൊണ്ടയിൽ നിന്നുള്ള വെമുല ശ്രീനിവാസ് കുടുംബസമേതം തിരുപ്പതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. വഴിയിൽ ഓംഗോലിലെ പഴയ ചന്തയിൽ പ്രഭാതഭക്ഷണം കഴിക്കാനായി വണ്ടിയൊതുക്കി. അപ്പോൾ ഒരു കോൺസ്റ്റബിൾ വന്ന് നിര്‍ത്തിയിട്ട അവരുടെ കാർ എടുത്തു.
ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നീടാണ് വാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി കൊണ്ടുപോയതാണെന്നറിഞ്ഞത്. ഈ മാസം 22ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഓംഗോലില്‍ സന്ദർശനം നടത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഡ്രൈവർക്കൊപ്പം കാർ നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
കുടുംബത്തോടൊപ്പം തിരുമലയിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും കോൺസ്റ്റബിൾ ചെവിക്കൊണ്ടില്ല. തിരിച്ചു പോകാന്‍ വാഹനം കിട്ടാതെ വന്ന കുടുംബം പോലീസുകാരോട് കയര്‍ത്തു. മുഖ്യമന്ത്രിയുടെ വ്യൂഹത്തിന് വാഹനം വേണമെങ്കിൽ നാട്ടുകാരുടേത് എടുക്കണോയെന്ന് ശ്രീനിവാസിന്റെ കുടുംബം ചോദിച്ചു.
കാര്‍ തിരികെ കൊടുക്കുമ്പോള്‍ ശ്രീനിവാസിനോടും കുടുംബത്തോടും മാപ്പുപറഞ്ഞാണ് കോൺസ്റ്റബിൾ മടങ്ങിയത്. എന്നാല്‍ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു രംഗത്തെത്തി. ഭാര്യയും മക്കളുമായി തിരുമലയിലേക്ക് പോവുകയായിരുന്ന കുടുംബത്തെ റോഡിലിറക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
വാഹനവ്യൂഹത്തിന് ഒരു കാർ അനുവദിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനം പോയത് എന്തുകൊണ്ടാണെന്നും സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം പ്രവൃത്തികൾ ചെയ്‌താൽ ജനങ്ങളോട് ആരാണ് ഉത്തരം പറയുകയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യാത്രക്കാരന്റെ കാർ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രസ്‌തുത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായേക്കും.