മുംബൈ : ഒഎൻജിസിയുടെ പവൻ ഹാൻസ് സിക്കോർസ്‌കി ഹെലികോപ്‌ടർ കടലില്‍ പതിച്ച് നാല് മരണം. മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് അപകടം നടന്നത്. മരിച്ചവരിൽ മൂന്ന് പേർ ഒഎൻജിസി ജീവനക്കാരാണ്.
രണ്ട് പൈലറ്റുമാർ ഉൾപ്പടെ ഏഴ് പേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ഒഎൻജിസിയുടെ സാഗർ കിരൺ എന്ന റിഗ്ഗില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. ഹെലികോപ്‌ടര്‍ എമർജൻസി ലാൻഡിംഗ് നടത്താന്‍ ശ്രമിക്കവെ കടലില്‍ പതിക്കുകയായിരുന്നു. റിഗ്ഗില്‍ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് എമർജൻസി ലാൻഡിംഗിന് ശ്രമിച്ചത്.
ഒഎൻജിസി ജീവനക്കാരും കോസ്റ്റ് ഗാർഡും ചേർന്ന് ഒൻപത് പേരെയും പുറത്തെടുത്തെങ്കിലും നാല് പേർ അബോധാവസ്ഥയിലായിരുന്നു. ഇവരെ നാവികസേനയുടെ ഹെലികോപ്‌ടറിൽ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എമർജൻസി ലാൻഡിങ്ങിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഒഎൻജിസി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ കടൽത്തീരത്ത് എണ്ണ-വാതക പര്യവേക്ഷണത്തിനും ഉത്‌പാദന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനായി ഒഎൻജിസി പവൻ ഹാൻസിൽ നിന്ന് ഹെലികോപ്റ്റർ സേവനം വാടകയ്‌ക്കെടുക്കുകയായിരുന്നു.
ജുഹു ഹെലിബേസിൽ നിന്ന് പതിവുപോലെ പറന്നുയർന്ന ഹെലികോപ്‌ടർ റിഗ്ഗിലെ ലാൻഡിങ് സോണിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കടലിൽ താഴുകയായിരുന്നു.