ബിഹാര്‍ : ക്ലാസ് മുറിയില്‍ ഒരു ബ്ലാക്ക് ബോര്‍ഡ് രണ്ടാക്കി ഹിന്ദി-ഉര്‍ദു പഠനം. രണ്ട് ക്ലാസ് മുറിയിലായി പഠിക്കേണ്ട വിദ്യാര്‍ഥികള്‍ ഒരു ക്ലാസ് മുറിയിലിരുന്ന് രണ്ട് അധ്യാപകരെ ഒരേ സമയം കേള്‍ക്കണം. ബിഹാറിലെ കതിഹാറില്‍ ആദര്‍ശ് മിഡില്‍ സ്‌കൂളിലാണ് ഈ വിചിത്ര പഠനരീതി.
മണിഹാര്‍ ബ്ലോക്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉര്‍ദു പ്രൈമറി സ്‌കൂള്‍ 2017ലാണ് വിദ്യാഭ്യാസ വകുപ്പ് ആദര്‍ശ് മിഡില്‍ സ്‌കൂളിന്‍റെ ഭാഗമാക്കിയത്. എന്നാല്‍ ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തത് സ്‌കൂള്‍ അധികൃതരെ വലച്ചു. പരാതി പറഞ്ഞെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പരിഹാരമുണ്ടായില്ല.
ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികളെ ഒന്നിച്ചിരുത്തി രണ്ട് അധ്യാപകര്‍ ഹിന്ദിയും ഉര്‍ദുവും ഒരേസമയം പഠിപ്പിക്കാന്‍ തുടങ്ങിയത്. രണ്ട് അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ മൂന്നാമത് ഒരു അധ്യാപിക കുട്ടികളെ നിരീക്ഷിക്കും, ഇങ്ങനെയാണ് പഠനം മുന്നോട്ടുപോകുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബുദ്ധിമുട്ടാണെന്ന് അധ്യാപിക പ്രിയങ്ക പറഞ്ഞു.
അതേസമയം ഇക്കാര്യം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കാമേശ്വര്‍ ഗുപ്‌ത പറഞ്ഞു. ഒരേ സമയം വ്യത്യസ്ത വിഷയം കേള്‍ക്കുന്നത് വിദ്യാർഥികളുടെ പഠന മികവിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.