മുംബൈ : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായ്' എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതില്‍ ഒരാള്‍ പിടിയില്‍. ബംഗളൂരുവിലെ 21കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയെയാണ് മുംബൈ സൈബർ പൊലീസ് തിങ്കളാഴ്‌ച കസ്റ്റഡിയിലെടുത്തത്.
ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റുചെയ്യുന്ന ആപ്പിനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്‌ത് ഡെവലപ്പർക്കും ട്വീറ്റ് ചെയ്ത അക്കൗണ്ട് ഹാൻഡിലുകള്‍ക്കുമെതിരെ മുംബൈ സൈബർ പൊലീസ് കേസെടുത്തിരുന്നു.
നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് അനുമതിയില്ലാതെ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലിം സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 'സുള്ളി' എന്ന പദം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
'സുള്ളി ഓഫ് ദ ഡേ' എന്ന പ്രയോഗംവച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി കൈമാറ്റം ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ സ്വാധീനമുള്ള മുസ്ലിം സ്ത്രീകളെ കണ്ടെത്തി അവരുടെ ചിത്രങ്ങളാണ് ആപ്പില്‍ ഉപയോഗിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.