ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക ബലഗാവി സ്വദേശിയായ വിങ് കമാന്‍ഡര്‍ ഹനുമന്ദ് റാവു സാരഥിയാണ് മരിച്ചത്.
ഇന്ന് (28.01.2023) പുലര്‍ച്ചെയാണ് അപകടം. പതിവ് പറക്കലിനിടെയാണ് സു-30, മിറാഷ് 2000 വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്‌പൂരിലുമാണ് തകര്‍ന്നു വീണത്.
രാജസ്ഥാനിലെ ഭരത്‌പൂരില്‍ പതിച്ച വിമാനം പൂര്‍ണമായി കത്തി നശിച്ചു. ആകാശത്തു നിന്ന് തീ പടര്‍ന്ന വിമാനം താഴേക്ക് പതിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങള്‍ തടിച്ചു കൂടി.
അപകടസ്ഥലത്തേക്കുള്ള യാത്ര ദുര്‍ഘടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസും പ്രാദേശിക ഭരണകൂടവും അപകടസ്ഥലത്ത് എത്തിച്ചേര്‍ന്നതായി കലക്‌ടര്‍ അറിയിച്ചു. വിമാനങ്ങള്‍ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് വിശദീകരണം നല്‍കി.
'മൊറേനയിലെ കൈലാറസിനു സമീപം വ്യോമസേനയുടെ സുഖോയ്-30, മിറാഷ്-2000 വിമാനങ്ങൾ തകർന്നത് ദുഃഖകരമാണ്. വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വ്യോമസേനയുമായി സഹകരിക്കാൻ പ്രാദേശിക ഭരണകൂടത്തോട് നിർദേശം നൽകിയിട്ടുണ്ട്', മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്‌തു.