ഹൈദരാബാദ് : ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി, സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുമെന്ന് തെലങ്കാന സർക്കാർ. ഇതിനായി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയതായി പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ശ്രീനിവാസ റാവു അറിയിച്ചു. വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ അനുമതിയോടെ കർശനമായ ചട്ടങ്ങൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Omicron strain in Karnataka: ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാനില്ല, ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം
ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. വാക്‌സിന്‍ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല. പുതിയ കൊവിഡ് വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പാലിക്കുന്നതായും ശ്രീനിവാസ റാവു പറഞ്ഞു.
അതേസമയം ഒമിക്രോൺ സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ഹരീഷ് റാവു പറഞ്ഞു. പുതിയ വകഭേദത്തെ നേരിടാൻ സർക്കാർ സജ്ജമാണ്. ജനങ്ങള്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഒമിക്രോണിനെ നേരിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.