ന്യൂഡല്‍ഹി : ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവ സീസണുകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പറഞ്ഞു.
പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ കേസുകള്‍ കുതിച്ചുയര്‍ന്നതായി കാണാം. രാജ്യത്ത് നിലവില്‍ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 578 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രാദേശിക, ജില്ല ഭരണകൂടങ്ങള്‍ നിലവിലെ സാഹചര്യം വിലയിരുത്തി ഉചിതമായ നിയന്ത്രണ നടപടികൾ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 578 ആയി
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കൊവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങൾ പാലിക്കണമെന്നും അജയ് കുമാര്‍ ഭല്ല ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമോ അതിൽ കൂടുതലോ ഉള്ള ജില്ലകളിലും ഓക്‌സിജൻ/ഐസിയു ബെഡുകളിൽ 40 ശതമാനമോ അതിൽ കൂടുതലോ രോഗികള്‍ ഉള്ള ജില്ലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ആഭ്യന്തര സെക്രട്ടറി ആവർത്തിച്ചു.
വൈറസിനെ പ്രതിരോധിക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങള്‍, ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്, വാക്‌സിനേഷൻ എന്നീ അഞ്ച് കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കത്തില്‍ പറയുന്നു. ആഗോളതലത്തിൽ 116 രാജ്യങ്ങളിൽ ഇതിനകം ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും യുഎസ്, യുകെ, യൂറോപ്പ് (ഫ്രാൻസ്, ഇറ്റലി, സ്പെയിൻ), റഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആഭ്യന്തര സെക്രട്ടറി കത്തിൽ സൂചിപ്പിച്ചു.