പൂനെ: പ്രായമായതിന്‍റെ പേരിൽ സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുന്ന നിരവധി പേരുണ്ട്. എന്നാൽ അവർക്കൊക്കെ മാതൃകയാക്കാവുന്നതാണ് പൂനെയിൽ നിന്നുള്ള 75കാരി നിരുപമ ഭാവെ. പ്രായം 75 ആയെങ്കിലും നിരുപമയുടെ ശരീരവും മനസും ഇന്നും ചെറുപ്പമാണ്.
നിരുപമ ഇതുവരെ 10,000 കിലോമീറ്റർ തന്‍റെ സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പകുതിയോളം പ്രദേശങ്ങളിൽ നിരുപമ യാത്ര ചെയ്‌തിട്ടുണ്ട്. യാത്രകളെല്ലാം തന്‍റെ സൈക്കിളിലായിരുന്നു.
അടുത്തിടെ നിരുപമ പൂനെയിൽ നിന്ന് സുന്ദർബന്നിലേക്ക് 2100 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി. 16 ദിവസം കൊണ്ടാണ് 2100 കിലോമീറ്റർ യാത്ര പൂർത്തീകരിച്ചത്.
പ്രചോദനമായത് സുഹൃത്തിന്‍റെ സൈക്കിൾയാത്ര: നിരുപമ ഭാവെയും ഭർത്താവും പൂനെയിലെ വാഡിയ കോളജിൽ പ്രൊഫസർമാരായിരുന്നു. അന്ന് 60 വയസുള്ള ഭർത്താവിന്‍റെ സുഹൃത്ത് ഔന്ദിൽ നിന്ന് വാഡിയ കോളജ് വരെ 14 കിലോമീറ്ററോളം ദിവസവും സൈക്കിളിൽ പോയിവരുമായിരുന്നു. ഇതാണ് നിരുപമയുടെ സൈക്കിൾ യാത്രയുടെ പ്രചോദനം.
ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നിരുപമ പിന്മാറാൻ തയാറായില്ല. നിരന്തര ശ്രമത്തിലൂടെ ഈ പ്രായത്തിലും നിരുപമ തന്‍റെ ആഗ്രഹങ്ങൾ സാധ്യമാക്കി.
പൂർത്തിയാക്കിയത് 10,000 കിലോമീറ്റർ: ഇതുവരെ 10,000 കിലോമീറ്റർ ദൂരമാണ് നിരുപമ ഭാവെ സൈക്കിളിൽ യാത്ര ചെയ്‌തത്. 54-ാംവയസിൽ വാഗാ അതിർത്തിയിൽ നിന്ന് ആഗ്രയിലേക്ക് സൈക്കിളിൽ യാത്ര ചെയ്‌തു. അടുത്ത വർഷം ഭുവനേശ്വറിൽ നിന്ന് കൊൽക്കത്തയിലേക്ക് യാത്ര ചെയ്തു.
മൂന്നാം വർഷം ഗോവയിൽ നിന്ന് കൊച്ചിയിലേക്കും പിന്നീട് ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്കും സൈക്കിളിൽ യാത്ര ചെയ്തു. എന്നാൽ യാത്ര ഇവിടെ അവസാനിച്ചില്ല. പിന്നീട് മധ്യപ്രദേശ്, രാജസ്ഥാൻ, സൗരാഷ്‌ട്ര, മണാലി, ലേ എന്നിവിടങ്ങളിലും 13,041 അടി ഉയരമുള്ള ഖർദുങ്ങിൽ പോയി റെക്കോർഡ് സൃഷ്‌ടിക്കുകയും ചെയ്‌തു.
സൈക്കിൾ യാത്ര നടത്തി ജന്മദിനാഘോഷം: പൂനെ മുതൽ കന്യാകുമാരി വരെ 16 ദിവസം കൊണ്ട് സൈക്കിൾ യാത്ര പൂർത്തിയാക്കിയാണ് നിരുപമ തന്‍റെ എഴുപതാം ജന്മദിനം ആഘോഷിച്ചത്. 72-ാം ജന്മദിനത്തിൽ പൂനെയിൽ നിന്ന് ജമ്മു കശ്‌മീരിലേക്ക് യാത്ര ചെയ്‌തു. പൂനെയിൽ നിന്ന് കൊൽക്കത്തയിലേക്ക് 2100 കിലോമീറ്റർ യാത്ര ചെയ്‌തതോടെ സൈക്കിളിൽ 10,000 കിലോമീറ്റർ പിന്നിട്ടിരിക്കുകയാണ് നിരുപമ.
എവിടെ പോകണമെങ്കിലും നിരുപമ സൈക്കിളാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ സ്‌കൂട്ടറിന് രണ്ട് ദിവസത്തെ വിശ്രമം നൽകിക്കൊണ്ട് സൈക്കിൾ ചവിട്ടാനും ജീവിതം ആസ്വദിക്കാനും നിരുപമ യുവജനങ്ങളോട് പറയുന്നു.