വിശാഖപട്ടണം: 50 വയസിന് ശേഷം ജോലിത്തിരക്കുകളില്‍ നിന്നുമാറാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. പൊതുവെ ഈ പ്രായക്കാര്‍ പെന്‍ഷന്‍ തുകയും കൈപ്പറ്റി വീട്ടിലെ കുട്ടികളോടും മറ്റും സമയം ചെലവഴിക്കുന്നത് ഇന്ന് പതിവ് കാഴ്‌ചയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്‌തമായി 95-ാം വയസിലും അധ്യാപനം തുടര്‍ന്ന്, ലോകത്തിലെ പ്രായം കൂടിയ പ്രൊഫസര്‍ എന്ന നേട്ടം സ്വന്തമാക്കി ഗിന്നസ് ബുക്കില്‍ പേര് ചേര്‍ത്തിരിക്കുകയാണ് വിശാഖപട്ടണം സ്വദേശി തിരുക്കുറി ശാന്തമ്മ.
വിജയ്‌നഗറിലെ സെഞ്ചൂറിയന്‍ സര്‍വകലാശാലയിലാണ് ശാന്തമ്മ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ എത്തുന്നത്. മെഡിക്കല്‍ ഫിസിക്‌സ്, റേഡിയോളജി, അനസ്‌തേഷ്യ എന്നീ വിഷയങ്ങളിലാണ് 95-കാരിയുടെ ക്ലാസ്. കാല്‍മുട്ടുകളുടെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷവും കൈവടികളുടെ സഹായത്തോടെ ഓരോ ക്ലാസ് മുറികളിലേക്കും പതിയെ നടന്നു നീങ്ങുന്ന ഈ വയോധിക എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947-ലാണ് ശാന്തമ്മ ആന്ധ്ര സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഠിച്ച സ്ഥാപനത്തില്‍ തന്നെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അന്ന് മുതല്‍ വിശ്രമമില്ലാതെയാണ് ഈ 95-കാരി പഠിപ്പിക്കലും ഗവേഷണങ്ങളും നടത്തുന്നത്.
പഠനകാലത്ത് തന്നെ ശാന്തമ്മ ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ മാർഗനിർദേശ പ്രകാരം ഡോക്‌ടർ ഓഫ് സയൻസ് പൂർത്തിയാക്കിയ ആദ്യ വനിതയായി മാറിയിരുന്നു. ഡോ.രംഗധാമ റാവുവിന്‍റെ സഹായത്തോടെയണ് അവര്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ശാന്തമ്മയുടെ ഗവേഷണ വൈദഗ്‌ധ്യം ലേസർ സാങ്കേതികവിദ്യ, ഇന്ധന മായം കണ്ടെത്തൽ തുടങ്ങിയ നിരവധി മേഖലകളിലേക്കും വ്യാപിച്ചിരുന്നു.
നിരവധി ഗവേഷണ പ്രബന്ധങ്ങളും ശാന്തമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസ്, യുകെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിവിധ സര്‍വകലാശാലകളും തന്‍റെ അനുഭവങ്ങളെ കുറിച്ച് അറിയാന്‍ ഈ 95-കാരിയെ അവിടേക്ക് ക്ഷണിച്ചിരുന്നു. ഇതുവരെ 17-ഓളം വിദ്യാര്‍ഥികളാണ് ശാന്തമ്മയ്‌ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.
1989-ൽ ഫിസിക്‌സ് പ്രൊഫസറായി വിരമിച്ചെങ്കിലും ശാന്തമ്മ അധ്യാപനം തുടരുകയായിരുന്നു. അന്നത്തെ ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന സിംഹാദ്രിയാണ് ഓണറേറിയത്തിൽ പ്രൊഫസറായി തുടരാൻ അവരോട് ആവശ്യപ്പെട്ടത്. പിന്നാലെ വൈസ് ചാന്‍സലറായി ചുമതലയേറ്റ ജിഎസ്‌എൻ രാജുവും തന്‍റെ കൂടി പ്രിയ അധ്യാപികയായ അവരെ സര്‍വകലാശാലയില്‍ നിലനിര്‍ത്തുകയായിരുന്നു.
ഇപ്പോൾ ആഴ്‌ചയിൽ നാല് ക്ലാസുകളാണ് ശാന്തമ്മ പഠിപ്പിക്കുന്നത്. വിശാഖപട്ടണത്ത് നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാണ് സർവകലാശാലയില്‍ എത്തുന്നത്. അധ്യാപനവും ഗവേഷണവും മാത്രമല്ല, ആധ്യാത്മിക ചിന്തയിലും ശാന്തമ്മയ്‌ക്ക് കമ്പമുണ്ട്.
ഭഗവദ്‌ഗീത പഠിക്കുകയും അത് തെലുങ്കിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്‌തിട്ടുണ്ട് ഈ 95-കാരി. വേദ ഗണിതത്തിലെ 29 സൂത്രങ്ങൾ ഗവേഷണം ചെയ്‌ത ശേഷം ഏഴ് വാല്യങ്ങളായി അവയും പ്രസിദ്ധീകരിച്ചു. കാൻസർ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണവും അവർ തുടരുകയാണ്.
വ്യർത്ഥമായ കാര്യങ്ങൾക്കായി സമയവും ഊർജവും പാഴാക്കണം. നമ്മൾ ഉത്‌പാദന ക്ഷമതയുള്ളവര്‍ ആയിരിക്കണമെന്നുമാണ് ഈ 95കാരിക്ക് പറയാനുള്ളത്.