ന്യൂഡല്‍ഹി : അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നൂറ് ഡോളറിലേക്കെത്തുന്നു. 2014 സെപ്‌റ്റംബറിലാണ് ഇതിന് മുന്‍പ് ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്. യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് എണ്ണ വില കുതിക്കുന്നത്. ആഗോള ഓയില്‍ ഉത്പാദനത്തില്‍ അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് റഷ്യ.
യുക്രൈനിലൂടെയാണ് യൂറോപ്പിലേക്കുള്ള റഷ്യയുടെ പ്രകൃതി വാതക - എണ്ണ വിതരണം. റഷ്യ യുക്രൈയിനില്‍ അധിനിവേശം നടത്തിയാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തും. നിലവിലെ പ്രതിസന്ധി രൂക്ഷമായാല്‍ എണ്ണ ബാരലിന് 110 യുഎസ് ഡോളറാകാമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
Also read: ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപം : ചെയ്യേണ്ടതും പാടില്ലാത്തതും
പ്രതിസന്ധി ഏഷ്യന്‍ സമ്പദ് വ്യവസ്ഥയേയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളാണ് എണ്ണ ഉപഭോഗത്തില്‍ മുന്നില്‍. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിക്കുകയാണെങ്കിലും അതിനാനുപാതികമായി ഇന്ത്യയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്ത് കഴിഞ്ഞ 110 ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.
എന്നാല്‍ മാര്‍ച്ചില്‍ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില വീണ്ടും കൂട്ടാനാണ് സാധ്യത. രാജ്യതലസ്ഥാനത്ത് നിലവില്‍ പെട്രോളിന് ലിറ്ററിന് 95.41 രൂപയും ഡീസലിന് ലിറ്ററിന് 86.67 രൂപയുമാണ്. 2017 ജൂണിൽ പ്രതിദിന നിരക്ക് പരിഷ്‌കരിച്ചതിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണ് നിലവിലത്തേത്.