ബാലസോര്‍ (ഒഡിഷ): രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച 275 പേരില്‍ 124 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായില്ല. അപകടത്തെ തുടര്‍ന്ന് മൃതദേഹങ്ങളുടെ മുഖമുള്‍പ്പടെ സാരമായ നിലയില്‍ രൂപമാറ്റം വന്നതോടെയാണ് ബന്ധുക്കള്‍ക്ക് പോലും ഇവ സ്ഥിരീകരിക്കാനാവാത്തത്. മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തന്നെ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്‍റെയും അധികൃതരുടെയും തീരുമാനം. ഇത്തരം സന്ദർഭങ്ങളിൽ ഡിഎൻഎ പരിശോധന നടത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
തിരിച്ചറിയാത്തവര്‍ ഇനിയുമുണ്ട്: ജൂൺ രണ്ട് വൈകുന്നേരം ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്ത് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എന്നാല്‍ തിങ്കളാഴ്‌ച രാവിലെ വരെ 151 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജേന പ്രസ്‌താവനയില്‍ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങളെല്ലാം അവരുമായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെന്നും മൃതദേഹങ്ങൾ എത്തിക്കേണ്ടയിടം വരെ സൗജന്യമായി കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒഡിഷ സർക്കാർ ചെയ്‌തിട്ടുണ്ടെന്നും പ്രദീപ് ജേന വ്യക്തമാക്കി. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയതോടെയാണ് മരിച്ചവരുടെ എണ്ണം 288ൽ നിന്ന് 275 ആയി വ്യക്തമായതെന്നും കഴിഞ്ഞദിവസം പ്രദീപ് ജേന അറിയിച്ചിരുന്നു.
രാജ്യം വിറങ്ങലിച്ച ബാലസോര്‍ അപകടം: ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി 7.20ഓടെയായിരുന്നു ട്രെയിന്‍ അപകടമുണ്ടാവുന്നത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. ഈ ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു.
അപകടത്തിന് വഴിവച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും അറിയിച്ചിരുന്നു. അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷപ്രവർത്തനം ആരംഭിച്ചതായും റെയിൽവേ മന്ത്രി പ്രതികരിച്ചിരുന്നു. പാസഞ്ചർ ട്രെയിൻ കോച്ചുകൾ പാളം തെറ്റിയതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. ഇതുപ്രകാരം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.