ഹിമാചല്‍ : 24 മണിക്കൂറായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും 19 പേർ കൊല്ലപ്പെട്ടു. എട്ട് പേരെ കാണാതായിട്ടുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം 34 ഓളം ഉരുൾപ്പൊട്ടലുകളാണ് റിപ്പോർട്ട് ചെയ്‌തത്. മാണ്ഡി, കാൻഗ്ര, ചമ്പ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം രേഖപ്പെടുത്തിയിട്ടുള്ളത്. ഹിമാചലിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മാണ്ഡിയിലെ ഗോഹാർ സബ് ഡിവിഷനിൽ വെള്ളിയാഴ്‌ച അർധരാത്രിയുണ്ടായ ഉരുൾപ്പൊട്ടലിൽ ഒരു കുടുംബത്തിലെ 8 പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ഇവരുടെ മൃതദേഹങ്ങളെല്ലാം പുറത്തെടുത്തത്. കൂടാതെ ജില്ലയിൽ പ്രളയത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ചമ്പ ജില്ലയിലെ ഭാട്ടിയാത്ത് വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് ചെറിയ കുട്ടി ഉൾപ്പടെ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
അതേസമയം ഹിമാചലിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി 232 കോടി സർക്കാർ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിതരണം തടസപ്പെടാതിരിക്കാൻ എത്രയും വേഗം റോഡുകളുടെ പ്രവർത്തനം സുഗമമാക്കാൻ ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
ഹിമാചൽ പ്രദേശിലുള്ള വിനോദസഞ്ചാരികൾ നദീതീരങ്ങളിലും മലയോര മേഖലകളിലും പോകരുതെന്ന് മുന്നറിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ടൂറിസം വകുപ്പിന്‍റെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്‍ററുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
ഭുവനേശ്വർ : ദിവസങ്ങളായി കനത്ത മഴ തുടരുന്ന ഒഡിഷയിലെ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഉദംപൂർ, മയൂർഭഞ്ച്, കോരാപുട്ട്, കിയോഞ്ജർ ജില്ലകളിലാണ് വെള്ളിയാഴ്‌ച രാത്രി അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഉധംപൂർ ജില്ലയിലെ ടിക്രിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കുട്ടികളുടെ പുറത്തേക്ക് വീടിന്‍റെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ രണ്ട് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മയൂർഭഞ്ച് ജില്ലയിലെ ബിസോയ് ബോക്കിന് കീഴിലുള്ള ഭോലബെഡ ഗ്രാമത്തിലുണ്ടായ അപകടത്തിൽ രണ്ട് പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോരാപുട്ട് ജില്ലയിലെ ഗാന്ധിനഗറിലെ നുവാ സാഹിയിൽ ഉണ്ടായ അപകടത്തിൽ 9 വയസുകാരനായ പ്രിയാൻഷു രാജ്ഭത്രയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് ഭിത്തി ഇടിഞ്ഞുവീണത്. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഇന്ന് രാവിലെയോടെയാണ് പ്രിയാൻഷുവിന്‍റെ മൃതദേഹം പുറത്തെടുത്തത്.
കിയോഞ്ജർ ജില്ലയിലെ മഹാദെയ്‌ജോഡ പഞ്ചായത്തിലെ ടികർപാഡ ഗ്രാമത്തിലുണ്ടായ അപകടത്തിൽ ദുതിക ബെഹ്‌റ എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ചികിത്സയിലാണ്. അതേസമയം കനത്ത മഴയിൽ ഒഡിഷയിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്.