ഭൂവനേശ്വർ: ഒഡിഷയിലെ മയൂർഭഞ്ചില്‍ സിം ബോക്‌സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘം ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍. ഖുന്ത ഭണ്ഡഗാവ് ഗ്രാമം കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 14) പൊലീസ് നടപടി.
ജോണ്ടി എന്ന വിശാൽ ഖണ്ഡേൽവാള്‍, തപസ് കുമാർ പാത്ര, നിഗം പാത്ര, സുധാൻസു ദാസ്, അജു പാത്ര, അജയ് കുമാർ പാത്ര എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒഡിഷ ക്രൈംബ്രാഞ്ച് ബെറ്റനാറ്റി, ബരിപാഡ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയാണ് മുഴുവന്‍ പ്രതികളെയും പിടികൂടിയത്. ആദ്യം കസ്റ്റഡിയിലായ പ്രതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.
സിം ബോക്‌സ് ഉപയോഗിച്ച് ദിവസവും നൂറുകണക്കിന് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും കെവൈസി (Know Your Customer) തട്ടിപ്പുകളുമാണ് ഇവർ നടത്തിയത്. പ്രതികളിൽ നിന്ന് നിരവധി സിമ്മുകളും സിം ബോക്‌സുകളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
എന്താണ് സിം ബോക്‌സ് ? നിരവധി സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. നൂറുകണക്കിന് സിം കാർഡുകൾ ഈ ബോക്‌സില്‍ ഇന്‍സേര്‍ട്ട് ചെയ്യാനും ഒരേ സമയം കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാനും കഴിയും. അന്താരാഷ്‌ട്ര കോളുകൾ വഴിതിരിച്ചുവിടാനും സിം ബോക്‌സ് വഴി സാധിക്കും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് എടുക്കുന്നതോ പണമടയ്ക്കാത്തതോ ആയ സിം കാർഡുകൾ ഉപയോഗിച്ചാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്.