ഭുവനേശ്വര്‍: ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്ത 62കാരനെ വാലന്‍റൈന്‍സ് ഡേയില്‍ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഭഗവാന്‍പൂര്‍ സിങ്കാല്‍ സ്വദേശിയായ രമേശ് കുമാര്‍ ചന്ദ്ര സ്വൈന്‍ ആണ് അറസ്റ്റിലായത്. ഡോക്ടർ, ഡെപ്യൂട്ടി ജനറല്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇങ്ങനെ പല പേരിലും തൊഴിലിലുമാണ് രമേശ് കുമാര്‍ ചന്ദ്ര സ്വൈന്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
പ്രായമായ അവിവാഹിതകളേയും വിധവകളേയും വിവാഹം ബന്ധം വേര്‍പെടുത്തിയ സ്ത്രീകളേയുമാണ് പ്രധാനമായും ഇയാള്‍ ലക്ഷ്യം വച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ സ്ത്രീകളെ കണ്ടെത്തിയിരുന്നത്.
വിവാഹം ശേഷം സ്ത്രീകളില്‍ നിന്നും പണവും ആഭരണങ്ങളും മറ്റും വാങ്ങുന്ന ഇയാള്‍ മുങ്ങുന്നതാണ് പതിവ്. ഐ.എഫ്.എഫ്.സി.ഒ ചീഫ് മെഡിക്കൽ ഓഫീസർമാര്‍, സുപ്രീം കോടതി അഭിഭാഷകർ, നാഷണൽ ഇൻഷുറൻസ് അംഗങ്ങൾ, മൂന്ന് അധ്യാപകരും പ്രൊഫസറും വീട്ടമ്മയും, ഐടിബിപിയുടെ അസിസ്റ്റന്റ് കമാൻഡന്റ് എന്നിവരെയാണ് വിവാഹം ചെയ്ത് ഇയാള്‍ കബളിപ്പിച്ചത്.
ബിധു പ്രസാദ് സ്വയിൻ, രമണി രഞ്ജൻ, വിജയശ്രീ രമേഷ് കുമാർ, രമേഷ് കുമാർ സ്വയിൻ എന്നിങ്ങനെയാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഈ പേരുകളില്‍ വ്യാജ ആധാര്‍ കാര്‍ഡും ഇയാള്‍ നിര്‍മിച്ചിരുന്നു. 2011ല്‍ ഡല്‍ഹി സ്വദേശിയായ സ്ത്രീ ഭുവനേശ്വര്‍ പൊലീസ് സ്റ്റേഷിനില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഇയാളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ന്യൂഡൽഹിയിലെ ആര്യസമാജിലെ ജനക്‌പുരിയിൽ വച്ച് 2018ലാണ് പരാതിക്കാരിയായ സ്ത്രീയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് കുറച്ചുകാലം ഭുവനേശ്വറിൽ കൊണ്ടുവന്നു. ഇവിടെ വച്ച് സ്ത്രീ ഇയാളുടെ തട്ടിപ്പ് മനസിലാക്കുകയായിരുന്നു.
പ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നും പലപ്പോഴും അസമിലെ ഗുവാഹത്തിയിലുള്ള ഭാര്യയോടൊപ്പം താമസിച്ചിരുന്നതായും ഭുവനേശ്വർ ഡി.സി.പി പറഞ്ഞു.
രമേഷ് തന്റെ ബയോഡാറ്റ തിരുത്തി വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ പോസ്റ്റ് ചെയ്തിരുന്നു. 1982 മുതൽ അദ്ദേഹം 14 സ്ത്രീകളെ വിവാഹം കഴിച്ചു. ഇതില്‍ നാല് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കി. കൊല്‍ക്കത്തയില്‍ നിന്നും ബിരുദവും എം.ഡിയും നേടിയതായി ഇദ്ദേഹം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
1982ൽ ആദ്യ വിവാഹം കഴിച്ച ഇയാള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. 2002ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഇയാൾക്ക് രണ്ട് കുട്ടികള്‍ കൂടി ജനിച്ചു. തുടർന്ന് 2002 മുതൽ 2020 വരെ 12 സ്ത്രീകളെ കൂടി ഇയാള്‍ വിവാഹം കഴിക്കുകയും അവരിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും കൈക്കലാക്കുകയും ചെയ്തു.
പഞ്ചാബ് സെൻട്രൽ ആംഡ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥയെ വിവാഹം കഴിച്ച് 10 ലക്ഷം ഇയാള്‍ കൈക്കലാക്കി. ഗുരുദ്വാരയിൽ മെഡിക്കൽ കോളജ് അനുവദിക്കാമെന്ന് പറഞ്ഞ് ഗുരുദ്വാര അധികൃതരിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ക്രഡിറ്റ് കാര്‍ഡ് നല്‍കിയും ഇയാള്‍ പണം തട്ടിയിട്ടുണ്ട്.
കൊച്ചിയിലും ഹൈദരാബാദിലും അടക്കം ഇയാളുടെ പേരില്‍ കേസുകളുണ്ട്. എംബിബിഎസ് വിദ്യാർഥികളില്‍ നിന്നും ഇയാള്‍ രണ്ട് കോടി രൂപയും തട്ടിയിട്ടുണ്ടെന്ന് പൊലീസ് അറയിച്ചു.