ഭുവനേശ്വര്‍: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഒഡിഷയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്ന് വരെ നീട്ടി. പകല്‍ ഏഴ് മുതല്‍ 11 മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം. പാല്‍, പച്ചക്കറി തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന തെരുവോര കടച്ചവടക്കാര്‍ക്കും ഈ സമയത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.
കടകള്‍ തമ്മില്‍ കുറഞ്ഞത് 30 അടി അകലമെങ്കിലും വേണം. വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും സാമൂഹ്യ അകലം, മാസ്‌ക് തുടങ്ങിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും സര്‍ക്കാരിന്‍റെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
വാരാന്ത്യം പൂര്‍ണ ലോക്ക്‌ഡൗണായിരിക്കും. വിവാഹ ചടങ്ങുകള്‍ക്ക് 25 പേര്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളില്‍ 33 ശതമാനവും ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ജോലിക്കെത്താം. ഗ്രാമ പ്രദേശങ്ങളില്‍ വീടുകള്‍ തോറുമുള്ള സര്‍വേ നടത്തുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞു.