ജജ്പൂര്‍: ഒഡീഷയിലെ ജജ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥൻ പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി പിആര്‍ രാഹുല്‍. മാർച്ച് 16 ന് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രദേശവാസികളെക്കുറിച്ച് പരാതിപ്പെടാന്‍ കാട്ടികട സ്വദേശിയായ യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം ജുംപുരി ഔട്ട് പോസ്റ്റിൽ എത്തിയതായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ലൈംഗികാധിക്ഷേപം നടത്തുകയും ചൂഷണത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
കുടുംബാംഗങ്ങളെ മുറിക്ക് പുറത്താക്കിയ ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന്, പരാതി രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യുപകാരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും ഇവര്‍ പറയുന്നു. മാർച്ച് 31 നാണ് സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനെതിരെ എസ് പിക്ക് പരാതി നല്‍കിയത്. അന്വേഷണത്തിനായി വനിത ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യേക സംഘം രൂപീകരിച്ചതായും എസ് പി അറിയിച്ചു.