ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് തിടുക്കപ്പെട്ട് രോഗിയുമായി പോകവെയാണ് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കലശലായ ഒരാഗ്രഹം തോന്നിയത്, ഒന്ന് മദ്യപിക്കണം..! പിന്നെ ഒന്നും നോക്കിയില്ല, വണ്ടി പാതയോരത്ത് നിര്‍ത്തി കുപ്പി പൊട്ടിച്ചു. അപ്പോഴാണ് രോഗിക്കും കലശലായ ആഗ്രഹം വന്നത്. ഒന്നു കമ്പനി കൂടണം.
ആംബുലൻസ് ഡ്രൈവർ പിന്നൊന്നും നോക്കിയില്ല, ഗ്ലാസെടുക്കുന്നു, രണ്ടുപേർക്കും ഓരോന്ന് ഒഴിക്കുന്നു..ചിയേഴ്‌സ് പറയുന്നു.. വീശുന്നു... കേള്‍ക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും ഒഡിഷയിലെ ജഗത്സിംഗ്‌പൂരില്‍ നടന്ന സംഭവമാണിത്.
ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന പ്രദേശത്തെ ആളുകള്‍ ദൃശ്യം പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് വൈറലായതോടെ സംഗതി 'കാര്യമായി'. ജഗത്സിംഗ്‌പൂർ ജില്ല ചീഫ് മെഡിക്കൽ ഓഫിസർ (സിഡിഎംഒ) ഡോ. ക്ഷേത്രബാസി ദാഷ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും ആവശ്യപ്പെട്ടു.
കാലിൽ പ്ലാസ്റ്ററിട്ട് സ്ട്രെച്ചറിൽ കിടക്കുന്ന രോഗിയാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. വാഹനം നിര്‍ത്തിയിട്ടിരുന്ന പ്രദേശത്തുണ്ടായിരുന്നവര്‍ ഡ്രൈവറെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍, രോഗി ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ മദ്യം നല്‍കുന്നതെന്നാണ് ഡ്രൈവറുടെ മറുപടി.
പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ്: വാഹനത്തില്‍ രോഗിയുടെ സമീപത്തായി ഒരു സ്‌ത്രീയും കുട്ടിയും ഇരിക്കുന്നതായും ദൃശ്യത്തില്‍ കാണാം. അതേസമയം, എന്നാണ് സംഭവമെന്നും ആംബുലന്‍സ് ഡ്രൈവറുടെ പേരുവിവരവും പുറത്തുവന്നിട്ടില്ല. ' സ്വകാര്യ ആംബുലൻസായതിനാൽ ഞങ്ങൾക്ക് കൂടുതലൊന്നും പറയാനില്ല. എന്നാൽ, തെറ്റുചെയ്‌ത ഡ്രൈവർക്കെതിരെ ആർടിഒയും പൊലീസും നടപടിയെടുക്കണം' - ജഗത്സിംഗ്‌പൂര്‍ ജില്ല ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ക്ഷേത്രബാസി ദാഷ് വ്യക്തമാക്കി.
അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌താൽ മാത്രമേ അന്വേഷണം ആരംഭിക്കാന്‍ കഴിയുള്ളൂവെന്നും ടിർട്ടോൾ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്‌ടര്‍ ജുഗൽ കിഷോർ ദാസ് പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തതായി കാണിക്കുന്ന ചെലാന്‍ പുറത്തുവന്നിട്ടുണ്ട്. എത്ര തുകയാണ് പിഴയായി ഈടാക്കിയതെന്ന് ഇതില്‍ വ്യക്തമല്ല.