പൂനെ: രാഷ്‌ട്രീയ നേതാക്കളുടെയും വിവിഐപികളുടെയും ആക്ഷേപകരമായ വീഡിയോ നിര്‍മിച്ചതിന് അറസ്‌റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു. ജാർഖണ്ഡിലെ റാഞ്ചിയോട് ചേർന്നുള്ള ഇറ്റാക്കി നിവാസിയായ ഷമീം ജാവേദ് അൻസാരിയേയാണ് മഹാരാഷ്‌ട്ര പൊലീസ് ട്രാൻസിറ്റ് റിമാൻഡ് ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരുടെ അപകീർത്തികരമായ വീഡിയോകള്‍ നിര്‍മിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്‌റ്റിലാകുന്നത്.
പിടിയിലാകുന്നത് ഇങ്ങനെ: ഇയാള്‍ നിര്‍മിച്ച ആക്ഷേപകരമായ വീഡിയോകൾ ഗൗരവമായി കണ്ട് മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി എംപിയാണ് പ്രതികൾക്കെതിരെ പൂനെയിലെ നിഗ്ഡി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കുന്നത്. പരാതിയിന്മേല്‍ പ്രതിക്കെതിരെ ഐടി നിയമത്തിലെ 67, 68, 295 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി തന്‍റെ യുട്യൂബ് ചാനലിലൂടെ ആക്ഷേപകരമായ വീഡിയോകള്‍ കാഴ്‌ചക്കാരുമായി പങ്കുവച്ചതായും മഹാരാഷ്‌ട്ര പൊലീസിന് കണ്ടെത്തി.
പരാതി, അന്വേഷണം, കണ്ടെത്തല്‍: ഫോട്ടോഷോപ്പ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് മറ്റ് പലരുടെയും ശരീരത്തില്‍ രാഷ്‌ട്രീയ നേതാക്കളുടെ മുഖം കൂട്ടിച്ചേര്‍ത്തായിരുന്നു ഇയാള്‍ വീഡിയോകളില്‍ പങ്കുവച്ചിരുന്നത്. പ്രതിയുടെ തന്നെ എസ്‌എഫ് ഫണ്‍ ക്ലബ് എന്ന യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ഇവ ചെയ്‌തിരുന്നത്. മാത്രമല്ല യൂട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ വളരെ ആക്ഷേപകരമാണെന്നും വിവിഐപികളെയും രാഷ്‌ട്രീയ പ്രമുഖരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.
റാഞ്ചിയിലെത്തി 'റാഞ്ചി': ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര പൊലീസിന്‍റെ ഐടി സെല്ല് കേസിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നാണ് യൂട്യൂബ് ചാനൽ നിയന്ത്രിക്കുന്നതെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് പ്രതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം മഹാരാഷ്‌ട്ര പൊലീസിന്‍റെ നാലംഗ സംഘം ഷമിം ജാവേദിനെ അറസ്‌റ്റ് ചെയ്യാനായി റാഞ്ചിയിലെത്തുകയായിരുന്നു. ഇയാളെ പിടികൂടിയ ശേഷം മഹാരാഷ്‌ട്ര പൊലീസ് ട്രാൻസിറ്റ് റിമാൻഡിനായി പ്രതിയെ റാഞ്ചിയിലെ കോടതിയിൽ ഹാജരാക്കി. പിന്നീട് വെള്ളിയാഴ്‌ചയോടെ മഹാരാഷ്‌ട്ര പൊലീസ് പ്രതിയെ പൂനെയിലേക്ക് കൊണ്ടുപോയി.
വ്യാജ വീഡിയോയിലും കേസ്: അടുത്തിടെ ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടില്‍ മര്‍ദിക്കുന്നുവെന്ന തരത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിഹാറിലെ പ്രശസ്‌ത യൂട്യൂബര്‍ മനീഷ് കശ്യപ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കേസെടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ കശ്യപിന്‍റെ സ്വത്തുവകകള്‍ കണ്ടെടുക്കാന്‍ ഇഒയു വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നു. മാത്രമല്ല വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കശ്യപിനെതിരെ ബിഹാറിലും തമിഴ്‌നാട്ടിലും എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
Also Read: വ്യാജ വീഡിയോ പ്രചരണം ; യൂട്യൂബർ മനീഷ് കശ്യപ് തമിഴ്‌നാട് പൊലീസിന്‍റെ ട്രാൻസിറ്റ് കസ്‌റ്റഡിയിൽ