ന്യൂഡൽഹി: ഡൽഹിയിൽ അമിത വിലയ്‌ക്ക് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിറ്റ കേസിൽ അറസ്‌റ്റിലായ വ്യവസായി നവനീത് കൽറയെ മൂന്ന് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. പൊലീസിന്‍റെയും കൽറയുടെയും അഭിഭാഷകരുടെ വാദം കേട്ട ശേഷം സാകേത് ജില്ലാ കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അർച്ചന ബെനിവാളാണ് ഉത്തരവിട്ടത്.
ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ അനധികൃതമായി വിൽക്കുക, പൂഴ്‌ത്തി വയ്‌ക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് കൽറയെ കസ്‌റ്റഡിയിൽ വിട്ടത്. എന്നാൽ കൽറയുടെ ഫോണും ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിറ്റതിന്‍റെ ബില്ലുകളും ഡൽഹി പൊലീസിന്‍റെ കൈയിലാണെന്ന് കാട്ടി അഭിഭാഷകൻ ഇതിനെ എതിർത്തു. ഇനി അവശേഷിക്കുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ കണ്ടെത്തുന്നതിനും മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും കൽറയെ കസ്‌റ്റഡിയിൽ വിടേണ്ടത് അത്യാവശ്യമാണെന്ന് മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. മെയ് ഏഴു മുതൽ ഒളിവിൽ പോയ കൽറയെ ഗുരുഗ്രാമിലെ സഹോദരന്‍റെ ഫാം ഹൗസിൽ നിന്ന് ഞായറാഴ്‌ച രാത്രിയാണ് അറസ്‌റ്റ് ചെയ്‌തത്.
കൂടുതൽ വായനക്ക്: അനധികൃത ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വില്‍പന; നവനീത് കാല്‍റ അറസ്റ്റില്‍