ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ഗോ സംരക്ഷകനായ ബിട്ടി ബജ്‌റംഗി അറസ്‌റ്റില്‍. അസിസ്‌റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഉഷ കുന്തുവിന്‍റെ പരാതിയില്‍ നൂഹ് സദര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ബിട്ടി ബജ്‌റംഗി പിടിയിലായത്. ഗോരക്ഷ ബജ്‌റംഗ് ഫോഴ്‌സ് അധ്യക്ഷനാണ് ബിട്ടി ബജ്‌റംഗി.
ടൗരുവില്‍ നിന്നുള്ള ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഏജൻസി സംഘമാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം ബജ്റംഗിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇയാളെ ബുധനാഴ്‌ച സിറ്റി കോടതിയില്‍ ഹാജരാക്കുമെന്ന് നൂഹ് പൊലീസ് വക്‌താവ് അറിയിച്ചു.
കേസ് വന്നതിങ്ങനെ: ഇയാള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 148 (കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 323 (മുറിവേല്‍പ്പിക്കല്‍), 353, 186 (പൊതുസേവകന്‍റെ ജോലി തടസപ്പെടുത്തൽ), 395, 397 (സായുധ കൊള്ള), 506 (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരവും ആയുധ നിയമത്തിലെ വിവിധ വ്യവസ്ഥകൾ പ്രകാരവുമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ജൂലൈ 31 നാണ് നൂഹില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അന്നേദിവസം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ നടന്ന വിഎച്ച്പി ഘോഷയാത്രയ്ക്കിടെ ബജ്റംഗിയും കൂട്ടാളികളും ആയുധങ്ങൾ ഉപയോഗിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്നുണ്ടായ അക്രമത്തിനിടെ ബജ്റംഗിയും കൂട്ടാളികളും ആയുധങ്ങൾ എടുത്തുയര്‍ത്തുകയും എഎസ്‌പി കുന്തു ഇത് പിടിച്ചെടുക്കുകയുമായിരുന്നു.
എന്നാൽ ഈ ആയുധങ്ങൾ ഇവർ പൊലീസ് വാഹനത്തിൽ നിന്ന് തട്ടിയെടുത്തു. ഉദ്യോഗസ്ഥരെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. അതേസമയം മുമ്പ് സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിന് ബജ്‌റംഗിക്കെതിരെ ആരോപണം ഉയർന്നിരുന്നു.
അപലപിച്ച് ഉപമുഖ്യമന്ത്രി: നൂഹിലെ വര്‍ഗീയ കലാപത്തില്‍ സ്വന്തം സര്‍ക്കാരിനെ തന്നെ തള്ളി സഖ്യകക്ഷിയായ ജനനായക് ജനത പാര്‍ട്ടി രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ എളുപ്പമാണെന്നും സാഹോദര്യം സ്ഥാപിക്കാനാണ് ബുദ്ധിമുട്ടെന്നുമറിയിച്ച് ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയാണ് നൂഹ് കലാപത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. അവരോട് പ്രസംഗിച്ചതുകൊണ്ട് കാര്യമില്ലെന്നും ഈ സാമൂഹ്യ വിരുദ്ധര്‍ അശാന്തി സൃഷ്‌ടിക്കുന്നതില്‍ മുഴുവന്‍സമയവും വ്യാപൃതരാണെന്നും അദ്ദേഹം കുറ്റവാളികളെ വിമര്‍ശിച്ചിരുന്നു.
അവരെ ഹരിയാനയിൽ തടഞ്ഞാല്‍, അവര്‍ മറ്റൊരു സംസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും സൃഷ്‌ടിക്കും. സമൂഹത്തിൽ അക്രമമോ പൊട്ടിത്തെറികളോ സൃഷ്‌ടിക്കുന്നതാണ് അവരുടെ ഉപജീവനമാർഗം. സാമൂഹികവും രാഷ്‌ട്രീയവുമായ പരിധികള്‍ക്കപ്പുറം സമൂഹത്തില്‍ ശാന്തിയും സാഹോദര്യവും ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു.