മഹബൂബ്‌നഗർ(തെലങ്കാന): പ്രത്യേക പൂജകൾക്കെന്ന പേരിൽ 25 ഓളം സ്‌ത്രീകളെ വശീകരിച്ച് നഗ്‌ന ചിത്രങ്ങൾ പകർത്തിയ സംഘം പിടിയിൽ. തെലങ്കാനയിലെ മഹബൂബ്‌നഗറിലാണ് സംഭവം. നഗ്നചിത്രങ്ങൾ ഉപയോഗിച്ചുള്ള ഇവരുടെ സംശയാസ്‌പദമായ പ്രവർത്തനങ്ങൾക്കെതിരെ ഇരയായ യുവതി പരാതി നൽകിയതോടെയാണ് റാക്കറ്റ് വലയിലായത്. കേസിൽ സൈനുല്ലാഹുദ്ദീൻ, രാമുലു, ശങ്കർ അലി, രാമുലു നായിക് എന്നിവരെ പൊലീസ് പിടികൂടി.
മുഖ്യപ്രതിക്കായി തെരച്ചിൽ തുടരുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്‌ത്രീകളെയാണ് പ്രതികൾ തട്ടിപ്പിനായി തെരഞ്ഞെടുത്തത്. അജ്ഞാതനായ ഒരു ഗുരുവിന് പൂജകൾക്കായി സ്‌ത്രീകളെ വേണമെന്നും അതിന് അനുയോജ്യരായവരെ തെരഞ്ഞെടുക്കാൻ നഗ്‌ന ചിത്രങ്ങൾ അയച്ചു നൽകണം എന്നുമായിരുന്നു പ്രതികൾ ആവശ്യപ്പെട്ടിരുന്നത്.
ചിത്രങ്ങൾ കണ്ട് ഏതെങ്കിലും പൂജകൾക്കായി ഗുരു തെരഞ്ഞെടുത്താൽ കോടികൾ സമ്പാദിക്കാമെന്നും ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ മാസം 18ന് ജഡ്‌ചർള ടൗണിലെ പഴയ മാർക്കറ്റിൽ രണ്ട് പേർ തമ്മിൽ വഴക്ക് നടക്കുന്നു എന്ന സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി വഴക്കിന്‍റെ കാര്യം അന്വേഷിച്ചതോടെയാണ് നഗ്‌ന ചിത്രങ്ങൾ പകർത്തി കബളിപ്പിച്ചു എന്ന കാര്യം അവിടെയുണ്ടായിരുന്ന യുവതി വെളിപ്പെടുത്തിയത്.
പിന്നാലെ സംഭവസ്ഥലത്ത് നിന്ന് സൈനുല്ലാഹുദ്ദീനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതിന് പിന്നിൽ വലിയ റാക്കറ്റ് ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പിന്നാലെയാണ് മറ്റ് പ്രതികളെയും പിടികൂടുന്നത്. അതേസമയം തങ്ങൾക്ക് അറിയാവുന്ന ഒരു ഗുരു ഉണ്ടെന്നും അയാൾക്ക് വേണ്ടിയാണ് ചിത്രങ്ങൾ അയക്കുന്നതെന്നുമാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ചിത്രങ്ങൾ തിരുപ്പതി എന്ന വ്യക്‌തിക്കാണ് അയയ്‌ക്കുന്നതെന്നും പ്രതികൾ മൊഴി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 25ഓളം സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ 2 മാസത്തോളം തിരുപ്പതി എന്നയാൾക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുഖ്യ പ്രതിയെ പിടികൂടിയാലേ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാവുകയുള്ളു എന്നും പൊലീസ് അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.