ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രതിദിന രോഗവര്‍ധന രണ്ട് ലക്ഷത്തോടടുത്ത സാഹചര്യം. ബുധനാഴ്ച മാത്രം പുതിയതായി രോഗം ബാധിച്ചത് 1.84 ലക്ഷം പേര്‍ക്ക്. അധികം വൈകാതെ തന്നെ രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നേക്കുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിദിന കൊവിഡ് വ്യാപനത്തോത് വര്‍ധിക്കുമ്പോഴും രാഷ്ട്രീയ, മത,സാമുദായിക സമ്മേളനങ്ങളും റാലികളും പ്രക്ഷോഭങ്ങളും നിര്‍ബാധം തുടരുകയും ചെയ്യുന്നു. ഇത്തരം സമ്മേളനങ്ങളും ഒത്തുചേരലുകളും റാലികളും കൊവിഡ് അതിവ്യാപനത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് സാങ്കേതിക ഉപദേശക സംഘത്തിന്‍റെ (ദേശീയ വാക്സിനേഷന്‍ ദൗത്യ ഉപദേശക സംഘം) (എന്‍ടിഎജിഐ) അധ്യക്ഷന്‍ ഡോ എന്‍കെ അറോറ. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്, ഹരിദ്വാറിലെ കുംഭ മേള, രാജ്യ തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം തുടങ്ങിയവ പുരോഗമിക്കുന്നതിനിടയിലാണ് അറോറയുടെ പരാമര്‍ശങ്ങള്‍.
വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിയന്ത്രണമില്ലാത്ത ഒത്തുചേരലുകള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ഗുരുതര സാഹചര്യമായിട്ടും യുവാക്കള്‍ ഒട്ടും ശ്രദ്ധപുലര്‍ത്തുന്നില്ല, ചെറിയ ഒത്തുകൂടലുകളും പാര്‍ട്ടികളുമായി അവര്‍ മുന്നോട്ട് പോകുന്നു. ഒപ്പം സാമൂഹ്യ കൂട്ടായ്മകളും മതപരമായ ഒത്ത് ചേരലുകളും കര്‍ഷക പ്രക്ഷോഭവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ റാലികളും. ഇവയെല്ലാം കൊവിഡ് അതിവ്യാപനത്തിന് വഴിവയ്ക്കുന്നു. ഇവയൊന്നും നിര്‍ത്തിവയ്ക്കാതെ കൊവിഡ് വ്യാപനം തടയാനാകില്ല. ഭരണകൂട-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങളിലൂടെ ഇത്തരം ഒത്തുകൂടലുകള്‍ നിര്‍ത്തി വയ്ക്കുക മാത്രമാണ് കൊവിഡ് നിയന്ത്രണത്തിനുള്ള ഏക മാര്‍ഗം. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്താനാകുമെന്നും എന്‍കെ അറോറ പറഞ്ഞു.
24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി. 13,65,704 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,027 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,72,085 ആയി ഉയര്‍ന്നു. രാജ്യത്താകെ 11,11,79,578 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.