ന്യൂഡൽഹി: ഇൻഡോ - പസഫിക്കിൽ നാറ്റോ സ്ഥാപിക്കാൻ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിൻ മൂന്നാമൻ. ചൈനീസ് പ്രതിരോധ മന്ത്രിയുടെ ആരോപണം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് യുഎസ് പ്രതിരോധ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഈ മേഖലയിലെ വാണിജ്യം മെച്ചപ്പെടുത്താനും ബന്ധം വളര്‍ത്താനും തക്കരൂപത്തില്‍ സ്വതന്ത്രമാണെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും ഓസ്റ്റിൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
തിങ്കളാഴ്‌ച ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. 'ഇൻഡോ - പസഫിക്കില്‍ നാറ്റോ സ്ഥാപിക്കാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല. ഈ മേഖലയിലെ വാണിജ്യം മെച്ചപ്പെടുത്താനും ബന്ധം വളര്‍ത്താനും വേണ്ടി സ്വതന്ത്രമാണെന്ന് ഉറപ്പാക്കും. ഇതിനായി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ഞങ്ങൾ തുടർന്നും സഹകരിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജൂൺ നാലിനാണ് യുഎസ് പ്രതിരോധ സെക്രട്ടറി ഡല്‍ഹിയില്‍ എത്തിയത്. 2021 മാർച്ചിലാണ് ഓസ്റ്റിന്‍ നേരത്തെ രാജ്യത്തെത്തിയത്.
ആരോപണം തായ്‌വാൻ കടലിടുക്കിലെ സംഭവത്തിന് പിന്നാലെ: 'ഇന്ത്യയും യുഎസും തമ്മില്‍ ഇന്‍ഡോ - പസഫിക്കിന്‍റെ കാര്യത്തില്‍ സ്വതന്ത്രവും വിശാലവുമായ കാഴ്‌ചപ്പാടാണ് മുന്നോട്ടുവയ്‌ക്കുന്നത്. മറിച്ചുള്ളവ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്നു' - പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിൻ കൂട്ടിച്ചേർത്തു. ഞായറാഴ്‌ച സിംഗപ്പൂരിൽ നടന്ന സുരക്ഷ സമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറിയും ചൈനയുടെ പ്രതിരോധ മന്ത്രിയും പങ്കെടുത്തിരുന്നു.
'ഏഷ്യ - പസഫിക്കിൽ നാറ്റോ പോലുള്ള സഖ്യങ്ങൾ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവിടെയുള്ള രാജ്യങ്ങളെ തട്ടിയെടുക്കാനും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പെരുപ്പിക്കാനുമുള്ള തന്ത്രമാണിത്.'- ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു പറഞ്ഞു. തായ്‌വാൻ കടലിടുക്കിൽ യുഎസിന്‍റേയും ചൈനയുടേയും സൈനിക കപ്പലുകൾ പരസ്‌പം അടുത്ത് സഞ്ചരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഷാങ്ഫുവിന്‍റെ ആരോപണം. ബ്രിട്ടനും ഓസ്‌ട്രേലിയയുമായി സന്ധിചെയ്യുന്ന ഓക്കസിലെ അംഗമാണ് യുഎസ്. ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്ന ക്വാഡിൽ അമേരിക്കയും അംഗമാണ്. മേഖലയിൽ വളരുന്ന ചൈനീസ് ആക്രമണത്തെ ചെറുക്കുന്നതിൽ ഈ ഗ്രൂപ്പുകള്‍ തമ്മിലെ സംയുക്ത നീക്കം നിർണായകമാണ്.
'സ്വതന്ത്രവും തുറന്നതും നിയമങ്ങൾക്ക് വിധേയവുമായ രീതിയില്‍ ഇന്‍ഡോ - പസഫിക് മേഖല നിലനിര്‍ത്തുന്നതിന് ഇന്ത്യ - യുഎസ് പങ്കാളിത്തം നിർണായകമാണ്. ശേഷി വർധിപ്പിക്കുന്നതിനും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനും ഈ മേഖലയില്‍ ഉടനീളം യുഎസുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു' - യുഎസ് പ്രതിരോധ സെക്രട്ടറിയുമായുള്ള ചർച്ചയ്‌ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്‌തു.
മോദിയുടെ യുഎസ് സന്ദര്‍ശനം ജൂൺ 22ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തും. യുഎസും ഇന്ത്യയും തമ്മിലുള്ള വളരെ ആഴമേറിയ പങ്കാളിത്തം ഉറപ്പിക്കാനുള്ള അവസരമാണ് മോദിയുടെ യുഎസ് സന്ദർശനമെന്ന് വൈറ്റ് ഹൗസ്. സ്വതന്ത്രവും സമൃദ്ധവും സുരക്ഷിതവുമായ ഇൻഡോ - പസഫിക്കിനുള്ള യുഎസ് - ഇന്ത്യ പങ്കിട്ട പ്രതിബദ്ധതയും പ്രതിരോധം, ഊർജം, ബഹിരാകാശം എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ സാങ്കേതിക പങ്കാളിത്തം വിലയിരുത്താനും ഈ സന്ദർശനം ശക്തിപ്പെടുത്തും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.