സിലിഗുരി : ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയുടെ തൊണ്ടയിൽ കുടുങ്ങിയ മൂന്ന് സെന്‍റിമീറ്റർ നീളമുള്ള ഇരുമ്പ് കമ്പി(Iron wire) അപൂർവ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. പശ്ചിമ ബംഗാളിലെ(West bengal) ഉത്തർ ദിനാജ്‌പൂർ ജില്ലയിലെ ലക്ഷ്‌മിപൂർ ഗ്രാമത്തിൽ താമസിക്കുന്ന അക്‌ലാമി ഖാത്തൂൺ എന്ന യുവതിക്കാണ് ശസ്‌ത്രക്രിയ നടത്തിയത്. ഓഗസ്റ്റ് 14 ന് പഫ്‌ഡ് റൈസും മാംസവും കഴിക്കുന്നതിനിടെ ഭക്ഷണ പൊതിയിലുണ്ടായിരുന്ന ഇരുമ്പ് കഷ്‌ണം ശ്രദ്ധയിൽപ്പെടാതെ ഉള്ളിലെത്തുകയായിരുന്നു.
ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ മാംസത്തിലെ എല്ലിൻ കഷ്‌ണം തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതി സ്വയം ചികിത്സ നടത്തി. പിന്നീട് രാത്രിയോടെ ആരോഗ്യസ്ഥിതി വഷളായപ്പോൾ ഇസ്‌ലാംപൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയുള്ള ഡോക്‌ടർമാർ ബിഹാറിലെ കിഷൻഗഞ്ചിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇരുമ്പ് കഷ്‌ണം നീക്കം ചെയ്യാൻ ഡോക്‌ടർമാർക്ക് സാധിച്ചിരുന്നില്ല.
തുടർന്ന് നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ (North Bengal Medical College) പ്രവേശിപ്പിക്കുകയും ഓഗസ്‌റ്റ് 16 ന് നോർത്ത് ബംഗാൾ മെഡിക്കൽ ഇഎൻടി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്‌തു. ഒടുവിൽ ഇന്നലെ (17.8.23) നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ രാധശ്യാം മഹത്തും സംഘവും നടത്തിയ ഒരു മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലൂടെ അന്നനാളത്തിലേക്ക് തുളച്ചുകയറിയ ഇരുമ്പ് കഷ്‌ണം നീക്കം ചെയ്യുകയായിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം യുവതി സുഖം പ്രാപിച്ചുവരികയാണ്.
ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതിന് മുൻപും സങ്കീർണമായ ശസ്‌ത്രക്രിയയിലൂടെ നിരവധി ജീവനുകൾ തിരികെ പിടിക്കാൻ ഡോക്‌ടർമാർക്ക് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസം സമാനമായ അപൂർവ ശസ്‌ത്രക്രിയയിലൂടെ ഉത്തർ പ്രദേശിൽ അഞ്ചുവയസുകാരന് ഡോക്‌ടർമാർ പുതുജീവൻ നൽകിയിരുന്നു.
അഞ്ച് വയസുകാരന്‍റെ വയറിനകത്തെ ട്യൂമർ നീക്കം ചെയ്‌തു : ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷഹറില്‍ അഞ്ച് വയസുകാരന്‍റെ വയറിനകത്തെ 12 കിലോ വരുന്ന ട്യൂമറാണ് അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ നീക്കിയത്. അലിഗഡിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ് അതിവിദഗ്‌ധമായി ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കുട്ടിയ്‌ക്ക് അമിതമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്നാണ് കുടുംബം ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് പരിശോധനയിൽ വയറിനകത്ത് അപകടകരമായ രീതിയില്‍ ട്യൂമര്‍ വളർന്നതായും അത് ഉടന്‍ നീക്കം ചെയ്യണമെന്നും ഡോക്‌ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ വയറിനകത്ത് നേരത്തേ തന്നെ ട്യൂമര്‍ ഉണ്ടായിരിക്കാമെന്നും ഇത് ക്രമേണ വളര്‍ന്ന് വലുതായതാകാമെന്നും ഡോക്‌ടര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഡോ. സഞ്ജയ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സംഘം നാല് മണിക്കൂര്‍ സമയമെടുത്താണ് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. വിജയകരമായ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കുട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയിരുന്നു.