ന്യൂഡൽഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നോറ ഫത്തേഹിയേയും പിങ്കി ഇറാനിയേയും ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വ്യാഴാഴ്‌ച(15.09.2022) ചോദ്യം ചെയ്‌തു. പിങ്കി ഇറാനി ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറിന് പരിചയപ്പെടുത്തിയിരുന്നു. സുകേഷ് ചന്ദ്രശേഖറുമായി നോറയ്‌ക്ക് ബന്ധമുണ്ടായിരുന്നു എന്ന് ഇഡി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
എന്നാൽ താൻ "ഗൂഢാലോചനയുടെ ഇരയാണ്, ഗൂഢാലോചനക്കാരിയല്ല" എന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗ ഉദ്യോഗസ്ഥരോട് നോറ പറഞ്ഞു. സുകേഷുമായുള്ള സംഭാഷണത്തിന്‍റെ സ്‌ക്രീൻ ഷോട്ടുകളും നടി പൊലീസിന് മുന്നിൽ നിരത്തി. തമിഴ്‌നാട്ടിൽ നടന്ന ചാരിറ്റി പരിപാടിയിലേക്ക് എക്‌സീഡ് എന്‍റർടെയ്‌ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രൊമോട്ടറായ അഫ്‌സർ സെയ്‌ദിയാണ് തന്നെ സ്വാഗതം ചെയ്‌തതെന്നും യാത്ര ചെലവുകൾ നോക്കിയത് നെയിൽ ആർട്ടിസ്‌ട്രി ഉടമ ലീന പോളാണെന്നും താരം പറഞ്ഞു.
2020 ഡിസംബറിലായിരുന്നു പരിപാടി നടന്നത്. എൽഎസ് കോർപ്പറേഷനും നെയിൽ ആർട്ടിസ്‌ട്രിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സുകേഷിൽ നിന്ന് ആഡംബര കാർ നിർബന്ധപൂർവം വാങ്ങി എന്ന വാദം തെറ്റാണെന്നും തനിക്കത് സ്‌നേഹ സമ്മാനം എന്ന വ്യാജേന ലഭിച്ചതാണെന്നും നോറ പൊലീസിനോട് തുറന്നുപറഞ്ഞു.
കൂടാതെ ലീനയെ ഒരു ചടങ്ങിൽ വച്ച് കണ്ടുമുട്ടിയതാണെന്നും അവിടെ വച്ച് അവർ തനിക്ക് ഒരു ഗൂച്ചി ബാഗും ഐഫോണും സമ്മാനമായി നൽകിയെന്നും നടി ഡൽഹി പൊലീസിനോട് പറഞ്ഞു. ശേഷം സുകേഷിൽ നിന്ന് കാറുമായി ബന്ധപ്പെട്ട മറ്റു ഇടപാടുകൾക്കായി ബന്ധപ്പെടേണ്ടി വന്നെന്നും എന്നാൽ ഇയാൾ നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ സുകേഷുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ചെന്നും നോറ വെളിപ്പെടുത്തി. കേസിൽ ബുധനാഴ്‌ച നടി ജാക്വിലിൻ ഫെർണാണ്ടസിനെയും പിങ്കി ഇറാനിയെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
ഇതിന് മുൻപ് സെപ്‌റ്റംബർ രണ്ടിനാണ് നോറയെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചത്. നോറയെ കബളിപ്പിക്കാനുള്ള സുകേഷിന്‍റെ ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതി ജാക്വിലിനിൽ പരീക്ഷിക്കുകയായിരുന്നു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധമുള്ള നോറയ്‌ക്കും ജാക്വിലിൻ ഫെർണാണ്ടസിനും പരസ്‌പരം സമ്മാനങ്ങൾ ലഭിക്കുന്നത് അറിയില്ലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.