ന്യൂഡൽഹി: കൊലപാതകക്കേസിൽ ഒളിവിൽ പോയ ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീൽ കുമാറിനെതിരെയും മറ്റ് ആറ് പേർക്ക് എതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദേശീയ ചാമ്പ്യനായ ഗുസ്‌തി ജൂനിയർ താരം സാഗറിന്‍റെ (23) കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്. ഇയാൽ ഹരിദ്വാറിലെ യോഗാ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി മുമ്പ് വിവരങ്ങൾ പുറത്തുവന്നിരുന്നു.
ഗുസ്‌തി ജൂനിയർ താരം സാഗർ മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊല്ലപ്പെട്ടത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊതപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. അജയ്, പ്രിൻസ് ദലാൽ, സോനു, സാഗർ, അമിത് എന്നീ ഗുസ്തിക്കാർക്കെതിരെയും കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുശീലിനും കൂട്ടാളികൾക്കുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Also read: ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും സുശീല്‍ കുമാറിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു.