ന്യൂഡല്‍ഹി : 2018-19 കാലയളവ് മുതല്‍ 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിന് പ്രസുകള്‍ക്ക് പുതിയ കരാര്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍. പ്രത്യേക മൂല്യമുള്ള നോട്ടുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷം മുമ്പ് തന്നെ 2,000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
2019-20, 2020-21, 2021-22 തുടങ്ങിയ കാലയളവില്‍ 2,000 രൂപയുടെ നോട്ട് അച്ചടിക്കാന്‍ കരാര്‍ നല്‍കിയിരുന്നില്ല. റിസര്‍വ് ബാങ്കിന്‍റെ കണക്ക് അനുസരിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിങ് സംവിധാനത്തില്‍ മൊത്തം 2,30,971 കള്ളനോട്ടുകള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. രാജ്യത്തെ കള്ളനോട്ടുകളെ കുറിച്ച് സര്‍ക്കാരിന് അറിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന വ്യാജ കറൻസി നോട്ടുകളുടെ അച്ചടി ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ സമാഹരിച്ച് വാർഷിക പ്രസിദ്ധീകരണമായ 'ക്രൈം ഇൻ ഇന്ത്യ'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൻതോതിൽ പണം കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കള്ളനോട്ട് കണ്ടെത്തുന്നതിനുള്ള പരിശീലന പരിപാടികൾ ആർബിഐ പതിവായി നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.