ചെന്നൈ: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറയ്ക്കില്ലെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ നികുതിയിളവ് സാധ്യമല്ല എങ്കിലും ഭാവിയിൽ നികുതിയിളവ് പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
"പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറയ്ക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. ഇത് ഭാവിയിൽ നടക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും മോശമാണ്. അധികാരത്തിൽ വന്നപ്പോൾ തന്നെ ഇതിനെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കി", ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാറ്റ് കുറയ്ക്കണമെന്ന എഐഎഡിഎംകെ നേതാവ് എസ്എസ് കൃഷ്ണമൂർത്തിയുടെ പരാമർശത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
Also Read: ഒഡിഷയിൽ ഡീസൽ വില 100 കടന്നു: ഒൻപത് സംസ്ഥാനങ്ങൾ സെഞ്ചുറി കടന്നു
രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിലവിൽ ഇന്ധന വില നൂറിന് മുകളിലാണ്. കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ ഇന്ധന വില സെഞ്ചുറി കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്‌മീർ, ഒഡിഷ, ലഡാക്ക് എന്നിവിടങ്ങളാണ് 100 കടന്ന സംസ്ഥാനങ്ങൾ.