ന്യൂഡൽഹി : ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ കുടുംബത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ട്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നോട്ടിസ് അയയ്ക്കാന്‍ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി.
അതേസമയം, നവംബർ 30 നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ട്വിറ്ററിന് നോട്ടിസ് നൽകി. ഈ സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചിരുന്നു.
സംഭവത്തില്‍ പിടിയിലായത് പുരോഹിതനും കൂട്ടാളികളും
രാഹുൽ, തങ്ങളുടെ പോളിസി ലംഘിച്ചെന്ന് ട്വിറ്റർ അറിയിച്ചു. ഈ ട്വീറ്റ് നീക്കം ചെയ്‌ത ശേഷമാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്. ഡല്‍ഹിയിലെ പുരാന നംഗല്‍ പ്രദേശത്തെ ശ്‌മശാനത്തിന് സമീപമുള്ള വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ പോയ ഒൻപത് വയസുള്ള ദളിത് പെൺകുട്ടിയാണ് ദാരുണ സംഭവത്തിന് ഇരയായത്.
ബലാത്സംഗം നടത്തിയ ശേഷം കുട്ടിയെ പ്രതിയായ പുരോഹിതനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, ശരീരം ദഹിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
ALSO READ: പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ ; സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസ്
സംഭവത്തിന് ശേഷം, ഇരയുടെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു. ഇരയുടെ മാതാപിതാക്കളുടെ ചിത്രം അദ്ദേഹം തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു.
ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ ഓഗസ്റ്റ് നാലിന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഇതേതുടർന്നാണ് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചത്.