ന്യൂഡല്‍ഹി: 2021-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് അറിയിച്ചു. ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നികുതിദായകര്‍ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ റിട്ടേണ്‍ ഇതുവരെ ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ജൂലൈ 31 വരെയാണ് സാധാരണ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ട് തവണയാണ് അവസാന തിയ്യതി നീട്ടിയത്.
ഡിസംബര്‍ 31ന് വൈകീട്ട് 3 മണിവരെ 5.62 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്‌തതെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി. 2020 ഡിസംബർ 31 വരെ 4.93 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്‌തത്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനവുണ്ട് ഇത്തവണ.
Also read: ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപത്തിന്‍റെ സാധ്യതകളും പരിമിതികളും
റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന ദിവസമായ വെള്ളിയാഴ്‌ച 20 ലക്ഷത്തിലധികം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിയോടെ 20-25 ലക്ഷം നികുതി ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30വരെ 4.83 കോടി നികുതി റിട്ടേണുകളാണ് സമര്‍പ്പിച്ചത്. ഇത്തവണ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മുന്‍പ് വരെ 5.43 കോടി റിട്ടേണുകളാണ് നികുതിദായകര്‍ ഫയല്‍ ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.