ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നതിന് തെളിവില്ലെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജിന്‍റെ പഠനം. കൊവിഡ് വന്നത് കൊണ്ടോ അല്ലെങ്കില്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് കൊണ്ടോ ഉണ്ടായ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണ്‍ വകഭേദത്തിന് കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തി.
ഒമിക്രോണിനാല്‍ വീണ്ടും കൊവിഡ് ബാധയുണ്ടാകാനുള്ള സാധ്യത ഡെല്‍റ്റ വകഭേദത്തേക്കാള്‍ 5.4 മടങ്ങ് അധികമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അതായത് ഒരു തവണ കൊവിഡ് ഉണ്ടായത് കൊണ്ട് വീണ്ടും രോഗം വരാതിരിക്കാനുള്ള പരിരക്ഷ ഒമിക്രോണിന്‍റെ കാര്യത്തില്‍ 19 ശതമാനം മാത്രമാണെന്നാണ്.
അതേസമയം ഒമിക്രോണിനെ സംബന്ധിച്ചുള്ള വിശദമായ പഠനം നടത്തുന്നതിന് ഈ ഘട്ടത്തില്‍ വിവരങ്ങളുടെ അഭാവമുണ്ടെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ALSO READ:OMICRON ഒമിക്രോണ്‍ വകഭേദം തടയാന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ഈ പഠനം പൂര്‍ണമായി ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ വര്‍ഷം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 11 വരെ പി.സി.ആര്‍ പരിശോധനയില്‍ ഇംഗ്ലണ്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരിലാണ് പഠനം നടത്തിയത്. എസ് ജീന്‍ ടാര്‍ഗറ്റ് ഫെയിലര്‍ (SGTF) കൊണ്ട് ഒമിക്രോണ്‍ ബാധിച്ചവരേയും ജിനോടൈപ്പ് ഡാറ്റയില്‍ (genotype data) കൊവിഡ് സ്ഥിരീകരിച്ചവരേയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൊത്തത്തിലുള്ള കൊവിഡ് കേസുകളില്‍ ഒമിക്രോണ്‍ വകഭേദം കൊണ്ടുണ്ടായ കൊവിഡ് കേസുകള്‍ ഒരോ രണ്ട് ദിവസം കൂടുമ്പോഴും ഇരട്ടിക്കുന്നതായി (ഡിസംബര്‍ 11 വരെയുള്ള കണക്ക്) പഠനത്തില്‍ കണ്ടെത്തി. ഒമിക്രോണിന്‍റെ റിപ്രൊഡക്ഷന്‍ നമ്പര്‍ (R) 3ല്‍ കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പകര്‍ച്ച വ്യാധിയുടെ കാര്യത്തില്‍ റിപ്രൊഡക്ഷന്‍ നമ്പര്‍ കൊണ്ട് അര്‍ഥമാക്കുന്നത് പകര്‍ച്ചവ്യാധി പിടിപെട്ടയാള്‍ എത്രപേരില്‍ ആ രോഗം പടര്‍ത്തും എന്നുള്ളതിന്‍റെ ശരാശരിയാണ്.
വാക്സിനുകള്‍ കൊണ്ടോ മുന്‍പ് കൊവിഡ് പിടിപെട്ടത് മൂലമുണ്ടായ പ്രതിരോധ ശേഷി ഒമിക്രോണിന് മറികടക്കാന്‍ കഴിയുമെന്നത് കൊണ്ട് തന്നെ ഒമിക്രോണ്‍ പൊതുജന ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത വിദഗ്ദ്ധര്‍ വ്യക്തമാക്കി.