ന്യൂഡൽഹി : ആധാർ ഇല്ലാത്തതിനാൽ ആർക്കും വാക്സിൻ, മരുന്ന്, ആശുപത്രി, ചികിത്സ എന്നിവ നിഷേധിക്കരുതെന്ന് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). അവശ്യ സേവനങ്ങൾ നിഷേധിക്കുന്നതിനുള്ള കാരണമായി ആധാറിനെ ദുരുപയോഗം ചെയ്യരുതെന്ന് യുഐഡിഎഐ വ്യക്തമാക്കി. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്താകമാനം നാശം വിതച്ച സാഹചര്യത്തിലാണ് യുഐഡിഎഐയുടെ പ്രസ്താവന. ആധാർ ഇളവുകൾ കൈകാര്യം ചെയ്യൽ സംവിധാനം(ഇഎച്ച്എം) നിലവിലുണ്ട്. അതിനാൽ 12 അക്ക ബയോമെട്രിക് ഐഡിയുടെ അഭാവത്തിൽ ആനുകൂല്യങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ഇഎച്ച്എം ഉപയോഗിക്കണം. 2016ലെ ആധാർ ആക്ട് ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കണമെന്നും യുഐഡിഎഐ പ്രസ്താവനയിൽ പറയുന്നു.
Also read: കൊവിഡ് സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രഘുറാം രാജന്‍
ആധാർ ഇല്ലാത്തതിനാൽ ആശുപത്രി പ്രവേശനം പോലുള്ള അവശ്യ സേവനങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് യുഐഡിഎഐയുടെ പ്രസ്താവന. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പൊതുസേവന വിതരണങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനാണ് ആധാറെന്നും എന്നാൽ 2017 ഒക്ടോബർ 24ലെ സർക്കുലർ പ്രകാരം അതിൽ ഇളവുകൾ ഉണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി.
Also read: കൊവിഡിന് ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; പ്ലാസ്മ തെറാപ്പി പിൻവലിച്ചേക്കും
അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം 3,26,098 പേര്‍ക്കുകൂടി രോഗബാധയുണ്ടായി. ഇതോടെ ആകെ കേസുകൾ 2,43,72,907 ആയി. 3,890 പേർ കൂടി മരിച്ചതോടെ ജീവഹാനിയുണ്ടായവരുടെ എണ്ണം 2,66,207 ആയി. അതേസമയം രാജ്യത്ത് നൽകിയ കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 18 കോടി കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.