ചെന്നൈ: ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി തുടങ്ങിയ വൈദ്യ ശാഖയിലെ അംഗീകൃത ചികിത്സകര്‍ അലോപ്പതി മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ച് നല്‍കിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. സേലം ജില്ലയിലെ ഹോമിയോ ഡോക്‌ടറായ സെന്തില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജി ടീക്കാ രാമന്‍റെ ഉത്തരവ്. 2010 ഒക്ടോബറില്‍ തമിഴ്‌നാട് ഡിജിപിയിറക്കിയ സര്‍ക്കുലര്‍ ചൂണ്ടികാട്ടിയാണ് കോടതി ഉത്തരവ്.
അലോപ്പതി മരുന്ന് രോഗികള്‍ക്ക് നല്‍കിയതിന് സെന്തില്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്തില്‍ കുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെയുള്ള കേസ് 2010ല്‍ ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലറിന്‍റെ ലംഘനമാണെന്ന് സെന്തില്‍ കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ജോയിന്‍റ് ഡയറക്‌ടറുടെ ഉത്തരവ് പ്രകാരം സേലം ജില്ലയിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ സെന്തില്‍ കുമാറിന്‍റെ ചികിത്സാ കേന്ദ്രത്തില്‍ 2017 ഒക്ടോബറില്‍ റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡില്‍ സെന്തില്‍ അലോപ്പതി മരുന്നുകള്‍ തന്‍റെ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന്‍റെയടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിലെ 15(3) വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420(വഞ്ചന) വകുപ്പും ചുമത്തി പൊലീസ് കേസെടുക്കുന്നത്.
ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം സിദ്ധ, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി എന്നീ വൈദ്യ ശാഖകളിലെ ഡോക്‌ടര്‍മാര്‍ ആധുനിക വൈദ്യ ശാസ്ത്ര പ്രകാരമുള്ള മരുന്നുകള്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. സെന്തില്‍കുമാറിനെതിരെയുള്ള കേസില്‍ പൊലീസ് ഈ സര്‍ക്കുലറിലെ നിര്‍ദേശം ലംഘിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട്തന്നെ സെന്തില്‍കുമാറിനെതിരെയുള്ള ചാര്‍ജ്ഷീറ്റ് റദ്ദാക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു.