ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിനെതിരെയുള്ള കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന്‍റെ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും യഥാര്‍ഥ കാര്യങ്ങളല്ല പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നതെന്നും അമിത് ഷാ പറഞ്ഞു. ജനശ്രദ്ധ തിരിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് അവിശ്വാസ പ്രമേയമെന്നും ജനങ്ങള്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അമിത് ഷാ. ജനങ്ങള്‍ക്കായി ദിവസവും കൂടുതല്‍ നേരം സമയം ചെലവഴിക്കുന്ന നേതാവാണ്. കള്ളങ്ങള്‍ കുത്തിനിറച്ചതാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയമെന്നും പറഞ്ഞ് അമിത് ഷാ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
അമിത് ഷായുടെ മറുപടികള്‍:
- കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 ഞങ്ങള്‍ റദ്ദാക്കി. പാകിസ്ഥാന്‍ ഹൂറിയത്തുമായോ ജാമിയത്തുമായോ തങ്ങള്‍ സംസാരിക്കില്ല. മറിച്ച് കശ്‌മീരിലെ ജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കും.
- അധിര്‍ ചൗധരിയോട്- കോണ്‍ഗ്രസ് അദ്ദേഹത്തിന് സമയം നല്‍കിയിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന് തങ്ങള്‍ സമയം അനുവദിക്കുന്നു. അതുകൊണ്ട് അദ്ദേഹം തന്‍റെ പ്രസംഗത്തിനിടെ അസ്വസ്ഥനാകില്ല.
- ഇന്ത്യയില്‍ പ്രധാനമായും മൂന്ന് ഹോട്ട്സ്‌പോട്ടുകളുണ്ട്-കശ്‌മീര്‍, ഇടതുപക്ഷ തീവ്രവാദം, നോര്‍ത്ത് ഈസ്റ്റ്. തീവ്രവാദ വിരുദ്ധ കശ്‌മീരിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 40,000ത്തിലധികം പേര്‍ കശ്‌മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
- യുഎപിഎയെ കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. അതിനെ ഞങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
- പിഎഫ്ഐ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. 15 സംസ്ഥാനത്തെ 90 സ്ഥലങ്ങളില്‍ ഞങ്ങള്‍ പരിശോധന നടത്തി. ഞങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കും.
- കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്കോ പിന്നാക്കക്കാര്‍ക്കോ വേണ്ടിയുള്ളതല്ല. അവര്‍ സ്വന്തം കുടുംബത്തിനായി വര്‍ത്തിക്കുന്നവരാണ്.
- രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെ ആഭ്യന്തര മന്ത്രി അമിത് ഷാ പരിഹസിച്ചു. പതിമൂന്ന് തവണ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുകയും 13 തവണ പരാജയപ്പെടുകയും ചെയ്‌ത ഒരു രാഷ്‌ട്രീയ നേതാവുണ്ടെന്നായിരുന്നു പരിഹാസം.
- പ്രതിരോധ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്.
- സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും എയര്‍ സ്ട്രൈക്കിലൂടെയും നമ്മള്‍ പാകിസ്ഥാനിലേക്ക് കടന്ന് എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കി.
- പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മഹത്വപ്പെടുത്തി. 55 രാജ്യങ്ങളില്‍ ജി 20 ഉച്ചകോടി സംഘടിപ്പിച്ചു.
- രാജ്യത്ത് 148 വിമാനത്താവളങ്ങള്‍, 27 മെട്രോ സിറ്റികള്‍, ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ 2.21 വര്‍ധന തുടങ്ങിയവയെല്ലാം ഉണ്ടായി.
- അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഏറ്റവും വലിയ സാമ്പത്തിക ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറും.
- ഇന്ത്യയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുഴുവന്‍ മേഖലകളിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തും. പിന്നാക്കം നില്‍ക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി 25 ലക്ഷം കോടി രൂപ നല്‍കും.
- ലോക്ക്‌ഡൗണും ജോലിയും വലിയ വെല്ലുവിളിയായി. ലോക്ക്‌ഡൗണ്‍ സമയത്ത് 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചു.
- കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കൊണ്ടുവന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും അത് മോദി വാക്‌സിനാണെന്ന് കുറ്റപ്പെടുത്തി. മാത്രമല്ല ആരും വാക്‌സിന്‍ എടുക്കരുതെന്നും ജനങ്ങളോട് പറഞ്ഞു.
- കൊവിഡ് കടുത്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. അതുകൊണ്ട് തന്നെ മാരകമായ രോഗത്തിനെതിരെ വേഗത്തില്‍ പൊരുതാനായി.
- കര്‍ഷകരുടെ കടം വീട്ടാന്‍ നിങ്ങള്‍ ശ്രമിച്ചു. എന്നാല്‍ മോദി ചെയ്‌തത് കര്‍ഷകരുടെ കടങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയായിരുന്നു.
- കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് നീക്കിവച്ചത് 70,000 കോടി രൂപയായിരുന്നു. എന്നാല്‍ ഞങ്ങള്‍ നല്‍കിയത് 2.40 ലക്ഷം കോടി രൂപയാണ്.
- ജനങ്ങള്‍ രാജ്യത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളെയും ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. എല്ലാം അവര്‍ക്കറിയാം. അവര്‍ തീരുമാനിക്കട്ടെ.
- മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്ത് കോടി കണക്കിന് രൂപ വാരിയെറിഞ്ഞതെല്ലാം ജനങ്ങളെല്ലാം കണ്ടിട്ടുണ്ട്.
- അവിശ്വാസ പ്രമേയം ഒരു ഭരണഘടനപരമായ പ്രക്രിയയാണ്. അത് പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്ന് മാത്രമല്ല സഖ്യകക്ഷികളുടെ മനോഭാവം മനസിലാക്കാന്‍ ഇത് സഹായകമാകുന്നു.
- കഴിഞ്ഞ 30 വര്‍ഷത്തെ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി കാഴ്‌ച വച്ചത് പ്രകടനത്തിന്‍റെ രാഷ്‌ട്രീയമായിരുന്നു. അതുകൊണ്ട് സ്വജനപക്ഷപാതത്തെയും അഴിമതിയെയും പടിയിറക്കാന്‍ മോദി ഭരണത്തിലൂടെ കഴിഞ്ഞു.
- കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ മുഴുവന്‍ ദിവസവും 17 മണിക്കൂര്‍ മോദി രാജ്യത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
- ഈ രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്ന നേതാവുണ്ടെങ്കില്‍ അത് മോദി മാത്രമാണ്.
- ഇവിടെ ജനങ്ങളുടെ മനസില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കപ്പെട്ടു.