ന്യൂഡൽഹി: കൊവിഡ് -19 വാക്‌സിനുകളുടെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച് ശാസ്ത്രീയ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ദക്ഷിണേഷ്യയിലെ വാക്സിനേഷൻ സംബന്ധിച്ച അന്തർ മന്ത്രിസഭാ യോഗത്തെ ഡിജിറ്റലായി അഭിസംബോധന ചെയ്യുകയായിരുന്നു ഹർഷ് വർധൻ. വരും ആഴ്ചകളിൽ വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ പ്രക്രിയ ബന്ധപ്പെട്ട റെഗുലേറ്ററി ഏജൻസി അംഗീകരിച്ചാലുടൻ ഇന്ത്യയിൽ തുടങ്ങും. കർശനമായ മേൽനോട്ടത്തോടെയാകും പ്രക്രിയ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ മിഷൻ ഇന്ദ്രധനുഷ് രോഗപ്രതിരോധ പദ്ധതികൾ ആരോഗ്യ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യം വിപുലമായ കൊ-വിൻ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിക്കുന്നു. വാക്സിനേഷനായി സ്വയം രജിസ്റ്റർ ചെയ്യാനും പ്രക്രിയ പൂർത്തിയാകുമ്പോൾ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ഈ പ്ലാറ്റ്ഫോം പൗരന്മാരെ അനുവദിക്കും. വാക്‌സിനുകളുടെ നിലവിലെ ആവശ്യകതയെക്കുറിച്ച് സർക്കാർ വിശകലനം നടത്തിയെന്നും ശേഷി, ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ, തൊഴിൽ ശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് -19 വാക്സിനേഷൻ കാര്യക്ഷമമാക്കുന്നതിനായി രാജ്യത്ത് ഉത്പാദനം, സംഭരണ ശേഷി എന്നിവ സജ്ജമാക്കിയതും പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ശൃംഖലയും യോഗത്തിൽ പ്രേക്ഷകരെ അറിയിച്ചു. കൊവിഡ് -19 പ്രതിരോധത്തിന് ഇന്ത്യയുടെ ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ നേതൃത്വം നൽകിയിട്ടുണ്ട്.