അമരാവതി: നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ആന്ധ്രയിലെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. ചിറ്റൂർ ജില്ലയിലെ എർപെഡു, ശ്രീകലഹസ്തി, സത്യവേദു, റെനിഗുണ്ട തുടങ്ങി നിരവധി പ്രദേശങ്ങളെയാണ് മഴ ബാധിച്ചതെന്നും ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആന്ധ്രാ ദുരന്തനിവാരണ കമ്മിഷണർ അറിയിച്ചു.
സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 96 മണ്ഡലങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആന്ധ്രയിൽ കാറ്റിന്‍റെ വേഗത 65 കിലോമീറ്ററിൽ താഴെയായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും വിവിധ സ്ഥലങ്ങളിൽ നിന്നായി 7,772 പേരെ ഒഴിപ്പിക്കുകയും നെല്ലൂർ, ചിറ്റൂർ, കടപ്പ, പ്രകാശം തുടങ്ങിയ ജില്ലകളിൽ 111 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.