ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വർഷത്തിനിടെ 390 കസ്റ്റഡി മരണങ്ങൾ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ബുധനാഴ്ച നടന്ന രാജ്യസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രി നൽകിയ കണക്കുകൾ പ്രകാരം ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങൾ.
ഗുജറാത്തില്‍ 53 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്‌ട്ര - 46, മധ്യപ്രദേശ് - 30 എന്നിങ്ങവനെയാണ് കൂടുതല്‍ കസ്റ്റഡി മരണങ്ങൾ സംഭവിച്ച മറ്റ് സംസ്ഥാനങ്ങള്‍. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ (എൻ.എച്ച്.ആർ.സി) റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കസ്റ്റഡി മരണം 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം: 2019 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് ഈ സംഭവങ്ങള്‍ നടന്നത്. ആഭ്യന്തര മന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മിഷനും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നൽകുന്നു. കസ്റ്റഡി മരണങ്ങൾ തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലമുള്ള മറുപടി നല്‍കുകയായിരുന്നു നിത്യാനന്ദ് റായ്.
എൻ.എച്ച്.ആർ.സി മാർഗനിർദേശങ്ങൾ അനുസരിച്ച്, കസ്റ്റഡിയില്‍ സ്വാഭാവികമോ അല്ലാതെയോ ഉണ്ടാവുന്ന ഓരോ മരണവും സംഭവിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുന്ന അന്വേഷണത്തിൽ ഉദ്യാഗസ്ഥര്‍ അശ്രദ്ധ കാണിക്കുന്നുവെങ്കിൽ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് മന്ത്രി പറഞ്ഞു.